പണി കിട്ടി സാംസങ്; എഐ ചാറ്റ്ബോട്ടിന്റെ സ്വന്തം പതിപ്പ് നിർമ്മിക്കുന്ന കാര്യം പരിഗണനയിലെന്ന് സൂചന

പ്രധാനപ്പെട്ട കമ്പനി വിവരങ്ങൾ ഓപ്പൺ എഐയുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ അബദ്ധത്തിൽ ചോർന്നതാണ് വിനയായത്. ഇതിന്റെ പേരിൽ മൂന്ന് ജീവനക്കാർക്കെതിരെ കമ്പനി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

hint that samsung is making its own ai chatbot vcd

എട്ടിന്റെ പണി കിട്ടിയ അവസ്ഥയിലാണ് സാംസങ്. പ്രധാനപ്പെട്ട കമ്പനി വിവരങ്ങൾ ഓപ്പൺ എഐയുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ അബദ്ധത്തിൽ ചോർന്നതാണ് വിനയായത്. ഇതിന്റെ പേരിൽ മൂന്ന് ജീവനക്കാർക്കെതിരെ കമ്പനി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കമ്പനിയുടെ സെമികണ്ടക്ടർ ഫെസിലിറ്റികളിൽ ചാറ്റ്ജിപിടി ഉപയോഗിക്കാനുള്ള അംഗീകാരം  കഴിഞ്ഞ ദിവസമാണ് സാംസങ് നൽകിയത്.  അംഗീകാരം ലഭിച്ച് ഇരുപത് ദിവസത്തിനുള്ളിൽ, ജീവനക്കാർ ഡാറ്റ ചോർത്തിയ മൂന്ന് വ്യത്യസ്ത സംഭവങ്ങളാണ് സാംസങ്ങിന് നേരിടേണ്ടി വന്നത്.

സാംസങ് ജീവനക്കാരിൽ ഒരാൾ പിശകുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി അതീവ രഹസ്യമായി സൂക്ഷിക്കുന്ന കമ്പനിയുടെ സോഴ്സ് കോഡ് ചാറ്റ്ബോട്ടിൽ പേസ്റ്റ് ചെയ്തു. മറ്റൊരു ജീവനക്കാരൻ "കോഡ് ഒപ്റ്റിമൈസേഷന്" വേണ്ടി ആവശ്യപ്പെട്ടുകൊണ്ടാണ് എഐ ചാറ്റ്ബോട്ടുമായി കോഡ് പങ്കിട്ടിരിക്കുന്നത്. മൂന്നാമത്തെ സംഭവത്തിൽ, ‍രഹസ്യ കമ്പനി മീറ്റിങ്ങിന്റെ റെക്കോർഡിങ്ങാണ് ജീവനക്കാരൻ ചാറ്റ്ജിപിടിയുമായി പങ്കിട്ടത്. അത് കുറിപ്പുകളാക്കി മാറ്റുകയായിരുന്നു ആവശ്യം. ഇന്റർനെറ്റിൽ സീക്രട്ട് എന്നൊന്നില്ലല്ലോ. സാംസങ് ജീവനക്കാർ പങ്കിട്ട വിവരങ്ങൾ ഇനി ചാറ്റ്ജിപിടിയുടെ ഭാഗമാണ് എന്ന തിരിച്ചറിവാണ് സാംസങ്ങിനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ കമ്പനിയിൽ നിന്ന്  ചാറ്റ്ജിപിടിയിലേക്കുള്ള അപ്‌ലോഡുകൾ ഒരാൾക്ക് 1024 ബൈറ്റുകൾ എന്ന ക്രമത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രശ്നത്തിന്റെ ജീവനക്കാരെക്കുറിച്ചും കമ്പനി അന്വേഷണം നടത്തുന്നു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി എഐ ചാറ്റ്ബോട്ടിന്റെ സ്വന്തം പതിപ്പ് നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ചാറ്റ്ബോട്ട് ശേഖരിക്കുന്ന ഡാറ്റ ഉപയോഗിച്ച് അതിന്റെ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്ന് ഓപ്പൺ എഐ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ചാറ്റ്‌ബോട്ടുമായി സെൻസിറ്റീവ് ഡാറ്റകളൊന്നും പങ്കിടരുതെന്നും സാംസങ് ഇതിനകം  മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. അതേസമയം, യൂറോപ്പിൽ ഓപൺഎഐ, ചാറ്റ്ജിപിടി എന്നിവയുടെ ഡാറ്റാ ശേഖരണ നയങ്ങളുമായി ബന്ധപ്പെട്ട  സൂക്ഷ്മപരിശോധനകൾ വർധിക്കുകയാണ്.  സ്വകാര്യതാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് എഐ ചാറ്റ്‌ബോട്ടിനെ ഇറ്റലി പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ് ഇപ്പോൾ.

Read Also: ആപ്പിൾ സ്റ്റോർ തുരന്ന് മോഷണം ; നാല് കോടി രൂപയോളം വില വരുന്ന ആപ്പിൾ ഫോണുകൾ പോയി

Latest Videos
Follow Us:
Download App:
  • android
  • ios