രാഷ്ട്രീയ പക്ഷപാതിത്വ ആരോപണം: വിശദീകരണവുമായി ഫേസ്ബുക്ക്
സന്‍ഫ്രാന്‍സിസ്കോ: ട്രെന്‍റിങ്ങ് ടോപ്പിക്കുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ ഫേസ്ബുക്ക് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു എന്ന റിപ്പോര്‍ട്ടിന് വീണ്ടും ഫേസ്ബുക്ക് വിശദീകരണം. അമേരിക്കയിലെ ഫേസ്ബുക്ക് ട്രെന്‍റിങ്ങ് ടോപ്പിക്കില്‍ ചേര്‍ക്കുന്ന വാര്‍ത്തകളില്‍ ഫേസ്ബുക്ക് രാഷ്ട്രീയം കളിക്കുന്നു എന്ന് അമേരിക്കയിലെ ചില സെനറ്റര്‍മാര്‍ തന്നെയാണ് തെളിവുകള്‍ സഹിതം ആരോപണം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് പരാതിക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് തന്നെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അമേരിക്കന്‍ സെനറ്റ് അംഗങ്ങളുടെ ഒരു സമിതി ഫേസ്ബുക്കിന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് തങ്ങളുടെ ട്രെന്‍റിങ്ങ് ടോപ്പിക്ക് തിരഞ്ഞെടുക്കുന്ന രീതി ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.
അമേരിക്കയിലെ പ്രധാനപ്പെട്ട 10 സൈറ്റുകളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ എടുക്കുന്ന രീതി ഫേസ്ബുക്കിന് ഇല്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. അതായത് വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നീ സൈറ്റുകള്‍ തങ്ങള്‍ നേരിട്ട് ട്രെന്‍റിങ്ങ് ടോപ്പിക്കിനായി ഉപയോഗിക്കാറില്ല. അതിന് പകരം ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ എത്തുന്ന വിവരങ്ങളാണ് തങ്ങള്‍ ട്രെന്‍റിങ്ങ് ടോപ്പിക്കിലേക്ക് കൊണ്ടുവരുന്നത്, ഫേസ്ബുക്ക് വ്യക്തമാക്കുന്നു.
തങ്ങള്‍ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളില്‍ വിശദമായി അന്വേഷണം നടത്തി, എന്നാല്‍ ഇത് സംബന്ധിച്ച് ഒരു തെളിവും ലഭിച്ചില്ലെന്ന് ഫേസ്ബുക്ക് ജനറല്‍ കൗണ്‍സില്‍ സെനറ്റ് സമിതിക്ക് മുന്നില്‍ പറയുന്നു.