ദില്ലിയിൽ മൊബൈൽ മോഷണം കൂടുന്നു
ദില്ലി: ദില്ലി നഗരത്തിൽ ഈ വർഷം ഇതുവരെ മോഷണം പോയത് പതിനായിരത്തിലധികം മൊബൈൽ ഫോണുകളെന്ന് പൊലീസ്.. ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടേത് മുതൽ നയതന്ത്ര ഉദ്യോഗസ്ഥ ഈനം ഗംബീറിന്റെ വരെ മൊബൈൽ ഫോണുകൾ മോഷണം പോയവയിലുണ്ട്..
ദില്ലി നഗരത്തിൽ മൊബൈൽ മോഷണ കേസുകൾ ദിനംപ്രതി കൂടുകയാണ്. മോഷണത്തിന് ഇരയായവരിൽ സാധാരണക്കാരൻ മുതൽ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിവരെയുണ്ട്. കഴിഞ്ഞ മാർച്ചിൽ ധോണി താമസിച്ചിരുന്ന ദ്വാരകയിലെ ഹോട്ടലിലുണ്ടായ തീപുടുത്തത്തിനിടെയാണ് മൂന്ന് മൊബൈൽ ഫോണുകൾ മോഷ്ടാക്കൾ കൊണ്ടുപോയത്. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ ഈനം ഗംബീറിന്‍റെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ സംഘം ഇന്നലെ രാത്രി മോഷ്ടിച്ചു. രോഹിണി സെക്ടറിലെ വീടിന് സമീപത്ത് വച്ചായിരുന്നു മോഷണം. നയതന്ത്രവിവരങ്ങൾ വരെ സൂക്ഷിച്ചിരുന്ന വിലകൂടിയ മൊബൈലാണ് നഷ്ടപ്പെട്ടതെന്ന് ഈനം ഗംബീർ പൊലീസിനു നൽകിയ പരാതിയിലുണ്ട്.
കൊണാട്ട് പ്ലേസ് പോലെ ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിലാണ് മോഷണക്കേസുകൾ ഏറെയും റിപ്പോർട്ട് ചെയ്യുന്നത്. മെട്രോ സ്റ്റേഷനുകളിലും മൊബൈൽ മോഷണത്തിന് കുറവില്ല. മെട്രോയിൽ നിന്ന് മൊബൈലുകൾ മോഷ്ടിക്കുന്ന ഒരു കുടുംബത്തിലെ 14 പേരെ ദില്ലി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദിവസം 25 ഫോണുകൾ വരെ മോഷ്ടിക്കാറുണ്ടെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. മൊബൈൽ മോഷണം തടയാൻ പ്രത്യേക സംഘംവരെ ദില്ലി പൊലീസിനുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാകുന്നില്ലെന്ന് കൂടിവരുന്ന കേസുകൾ വ്യക്തമാക്കുന്നു.