ജിപിഎസിന് ബദല്‍ യാഥാര്‍ഥ്യമാകുന്നു; ഐആര്‍എന്‍എസ്എസ് ശ്രേണിയിലെ അവസാന ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു
ചെന്നൈ: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ ശ്രേണിയിലെ അവസാന ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1ജി മറ്റന്നാള്‍ വിക്ഷേപിക്കും. അമ്പത്തൊന്നര മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ശ്രീഹരിക്കോട്ടയില്‍ തുടങ്ങി. വ്യാഴാഴ്ച ഉച്ചക്ക് 12:50നാണു വിക്ഷേപണം.
അമേരിക്കയുടെ ജിപിഎസിന് ബദലായി സ്വന്തം ഗതിനിര്‍ണയ ഉപഗ്രഹം എന്ന ഇന്ത്യുടെ സ്വപ്നം പൂര്‍ത്തീകരണത്തിലേക്കു നീങ്ങുകയാണ്. ഏഴ് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ അവസാന ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ജി വ്യാഴാഴ്ച ഭ്രമണപഥത്തിലെത്തും. രാവിലെ 9:20നാണു ശ്രീഹരിക്കോട്ടിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ഇന്ത്യ മുഴുവനും പിന്നെ രാജ്യത്തിന്റെ 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ഇന്ത്യയുടെ സ്വന്തം ഗതി നിര്‍ണ്ണയ സംവിധാനത്തിന്റെ പരിധിയില്‍ വരും. ജിപിഎസ് ലോകം മുഴുവനുമുള്ള ഗതിനിര്‍ണയമാണു നല്‍കുന്നത്.
ഒമ്പത് ഉപഗ്രഹങ്ങളാണ് ശ്രേണിയിലുള്ളത്. അതില്‍ ഏഴെണ്ണം വിക്ഷേപിക്കുകയും 2 എണ്ണം ഭൂമിയില്‍ തന്നെ വയ്ക്കുകയുമാണ് ചെയ്യുക. ഓരോ ഉപഗ്രഹത്തിനും 150 കോടിരൂപയാണ് ചെലവ്. 2013 ജൂലായിലാണ് ആദ്യ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1എ വിക്ഷേപിച്ചത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം 10ന് ആറാമത് ഉപഗ്രഹം ഐആര്‍എന്‍എസ്എസ് എഫ് വിജയകരമായി ഭ്രമണപഥത്തിലെത്തി.
നാല് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ത്തന്നെ സംവിധാനം പ്രവര്‍ത്തനക്ഷമമായെങ്കിലും കൂടുതല്‍ കൃത്യതയ്ക്കു വേണ്ടിയാണ് ഏഴ് ഉപഗ്രവും ഭ്രമണപഥത്തിലെത്താന്‍ ഐഎസ്ആര്‍ഒ കാത്തിരുന്നത്. സാധാരണക്കാര്‍ക്കു വഴി കണ്ടെത്തുന്നതിനുള്ള സംവിധാനം കൂടാതെ സൈനിക ആവശ്യത്തിനുള്ള എന്‍ക്രിപ്റ്റഡ് സേവനവും ഐആര്‍എന്‍എസ്എസ് നല്‍കും.