അമേരിക്കയെ ഇരുട്ടിലാക്കി ആദ്യ സമ്പൂര്‍ണസൂര്യഗ്രഹണം
വാഷിങ്ടണ്‍: അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളേയും ഇരുട്ടിലാക്കി രാജ്യ ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നു. ഓറിഗോണ്‍ മുതല്‍ സൗത്ത് കാരോലിന വരെയുള്ള 48 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചു.
അമേരിക്കന്‍ ജനതയുടെ കാത്തിരുപ്പ് വെറുതെയായില്ല. 48 സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണമായി ദൃശ്യമാകുന്ന ആദ്യത്തെ സൂര്യഗ്രഹണം അതിന്‍റെ എല്ലാ സൂക്ഷ്മതയോടും കൂടി തന്നെ രാജ്യത്ത് കണ്ടു. സൂര്യനെ പൂര്‍ണമായും ചന്ദ്രന്‍ മറച്ചപ്പോള്‍ ബെയ്‍ലീസ് ബീഡ്സ് എന്ന പ്രതിഭാസവും ഡയമണ‍്ട് റിംഗ് എന്ന പ്രതിഭാസവും സുരക്ഷാ സന്നാഹങ്ങളുപയോഗിച്ച് ജനം അനുഭവിച്ചറിഞ്ഞു. അമേരിക്കന്‍ സമയം രാവിലെ പത്ത് പത്ത് പതിനാറിന് തുടങ്ങിയ ഗ്രഹണം അവസാന സംസ്ഥാനമായ സൗത്ത് കാരൊലിനയില്‍ ദൃശ്യമായപ്പോള്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഓരോ സ്ഥലത്തും രണ്ട് മിനിറ്റ് 40 സെക്കന്‍റ് നേരമാണ് ചന്ദ്രന്‍ സൂര്യനെ മറച്ചത്.
ഇനി ഇത്തരം ഒരു ഗ്രഹണം സംഭവിക്കണമെങ്കില്‍ 2024 വരെ കാത്തിരിക്കണം. അതുകൊണ്ടുതന്നെ ഗ്രഹണത്തിന് മുമ്പായി എല്ലാ തയ്യാറെടുപ്പുകളും അമേരിക്ക പൂര്‍ത്തിയാക്കിയിരിക്കുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തങ്ങളുടെ വെബ്സൈറ്റില്‍ ഗ്രഹണം തത്സമയം കാണാന്‍ അവസരമൊരുക്കിയിരുന്നു. പൂര്‍ണമായ തോതില്‍ ഗ്രഹണം ദൃശ്യമായത് അമേരിക്കയില്‍ മാത്രമായിരുന്നുവെങ്കിലും നോര്‍ത്ത് അമേരിക്കയിലും കാനഡയിലും ബൊളീവിയയിലും ഭാഗികമായി ഗ്രഹണം ദൃശ്യമായി. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഭാര്യം മെലാനിയയും മകന്‍ ബാരണും വാഷിംഗ്ടണ്‍ ഡിസിയില്‍ ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചു.