പേയ്മെന്റ് ആപ്പിന് വേണ്ടിയുള്ള ഇടപെടൽ പണിയായി! ഗൂഗിളിന് വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ
അഞ്ച് ദിവസങ്ങൾക്ക് മുമ്പും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് വൻ തുക പിഴിയിട്ടിരുന്നു. അന്ന് 1337 കോടി രൂപയാണ് പിഴ ചുമത്തിയത്.
ദില്ലി: ആഗോള ടെക് ഭീമനായ ഗൂഗിളിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വീണ്ടും വൻ തുക പിഴയിട്ടു. 936 കോടി രൂപയാണ് സി സി ഐ പിഴയിട്ടത്. ഗൂഗിളിന്‍റെ പേയ്മെന്റ് ആപ്പ് കൂടുതൽ ഉപയോഗിക്കാൻ ഇടപെടൽ നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി. പ്ലേ സ്റ്റോറിലും കമ്പനിയുടെ താൽപര്യത്തിനനുസരിച്ച് ക്രമീകരണം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സമയബന്ധിതമായി ഇക്കാര്യത്തിൽ മാറ്റം വരുത്തണമെന്ന് സി സി ഐ നിർദേശം നൽകിയിട്ടുണ്ട്. അഞ്ച് ദിവസങ്ങൾക്ക് മുമ്പും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് വൻ തുക പിഴിയിട്ടിരുന്നു. അന്ന് 1337 കോടി രൂപയാണ് പിഴ ചുമത്തിയത്.
സി സി ഐ കണ്ടെത്തിയ കുറ്റങ്ങൾ
വിവിധ കുറ്റങ്ങളാണ് സി സി ഐ ഗുഗിളിനെതിരെ കണ്ടെത്തിയത്. ഗൂഗിൾ പ്ലേ ബിലങ് സിസ്റ്റം ഉപയോഗിക്കാത്ത ആപ്പുകൾക്ക് പ്ലേസ്റ്റോറിൽ ഇടം നൽകിയില്ലെന്നതാണ് അക്കൂട്ടത്തിൽ പ്രധാനമായത്. ഗൂഗിളിന്‍റെ സ്വന്തം ജി പേയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയതും ഇവർക്ക് തിരിച്ചടിയായി. കമ്പനിയുടെ വിപണിയിലെ മേധാവിത്വം വാണിജ്യ താൽപര്യത്തിന് ഉപയോഗിച്ചു എന്നതിനാൽ പിഴ അടയ്ക്കണമെന്നാണ് സി സി ഐ അറിയിച്ചത്.
അതേസമയം നേരത്തെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഗൂഗിൾ വാണിജ്യ താൽപര്യത്തിന് ദുരുപയോഗിച്ചു എന്ന് കണ്ടെത്തിയതിനാണ് കഴിഞ്ഞ ദിവസം സി സി ഐ ഗൂഗിളിന് പിഴ ചുമത്തിയത്. കുറ്റത്തിന് 1337 കോടി രൂപയാണ് പിഴയായി അടയ്ക്കാൻ സി സി ഐ ആവശ്യപ്പെട്ടിട്ടുള്ളത്.
ആപ്പിള്‍ മുതലാളിയെ ട്രോളാന്‍ പോയി എട്ടിന്‍റെ പണി കിട്ടി ഗൂഗിള്‍.!
അതേസമയം ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നാണ് പ്ലേ സ്റ്റോർ നയങ്ങളുടെ പേരിൽ കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ വൻ തുക പിഴയിട്ടതില്‍ ഗൂഗിൾ നൽകിയിരിക്കുന്ന വിശദീകരണം. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ഗൂഗിൾ വക്താക്കൾ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിക്ക് ഗൂഗിൾ പ്ലേ, ആൻഡ്രോയ്ഡ് എന്നീ പ്ലാറ്റ്ഫോമുകൾ നൽകിയ സൗകര്യങ്ങൾ ഗുണം ചെയ്തിട്ടുണ്ട് എന്നും, ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന് ഊർജം പകർന്നതിൽ ഗൂഗിളിന്‍റെ സംഭാവനകൾ ചെറുതല്ലെന്നും കമ്പനി ട്വീറ്റിലൂടെ പ്രതികരിച്ചു.