ചൈനയുടെ റോക്കറ്റ് പരീക്ഷണം പരാജയം
ബെയ്ജിംഗ്: ചൈനയുടെ ലോംഗ് മാർച്ച്-5 വൈ2 റോക്കറ്റ് വിക്ഷേപണം പരാജയമെന്ന് റിപ്പോർട്ട്. ഔദ്യോഗിക മാധ്യമമായ സിൻഹുവ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സതേൺ ഹയ്നാനിലുള്ള വെൻചാംഗ് വിക്ഷേപണ കേന്ദ്രത്തിൽനിന്നും പറന്നുയർന്ന റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഏറ്റവും ഭാരകൂടിയ ഉപഗ്രഹമായ ഷിജിയാൻ-18 വഹിച്ചുകൊണ്ടുള്ള റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. വിക്ഷേപണ വാഹനത്തിൽ അസ്വഭാവികമായതു സംഭവിച്ചതാണ് അപകടത്തിനുകാരണമായതെന്നും ഇത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു.
ചൈന എയ്റോസ്പെയിസ് സയൻസ് ആൻഡ് ടെക്നോളജി കോർപറേഷനാണു റോക്കറ്റ് വികസിപ്പിച്ചെടുത്തത്.
2022 ആകുമ്പോഴേക്കും ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായായിരുന്നു വിക്ഷേപണം. കഴിഞ്ഞ നവംബറിലാണ് ചൈന ആദ്യമായി മാർച്ച്–5 റോക്കറ്റ് വിക്ഷേപിച്ചത്.