ഈസ്റ്റര്‍ ദിനത്തില്‍ നിന്ന് ആകാശത്ത് നിന്ന് അത് ഭൂമിയില്‍ പതിക്കും.!
- നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശനിലയം ഈസ്റ്റര്‍ദിനത്തില്‍ ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്
ബിയജിംഗ്: നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശനിലയം ഈസ്റ്റര്‍ദിനത്തില്‍ ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 30 നും ഏപ്രില്‍ മൂന്നിനും ഇടയിലുള്ള ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും നിലയം താഴേക്ക് പതിക്കാമെന്നാണ് യൂറോപ്യന്‍ സ്പൈസ് ഏജന്‍സി ഗവേഷകര്‍ പറയുന്നത്. സംഭവത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് ഇഎസ്എ പറയുന്നു. നിലയം ഏതു നഗരത്തില്‍ പതിക്കുമെന്നു പറയാനാകില്ല. അതേ സമയം നിലയത്തിന്‍റെ സഞ്ചാര വഴിയില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇതിനിടെ ഇടിച്ചിറങ്ങാന്‍ പോകുന്ന ചൈനീസ് ബഹിരാകാശ നിലയത്തിനൊപ്പം അപകടകരമായ രാസവസ്തുക്കളും ഭൂമിയിലെത്തുമെന്ന് ചൈനീസ് അധികൃതരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഹൈഡ്രസൈന്‍ എന്ന് പേരുള്ള അപകടകാരിയായ രാസവസ്തുവാണ് ചൈനീസ് ബഹിരാകാശ നിലയമായ തിയോങ് 1നൊപ്പം ഭൂമിയിലേക്ക് വരുന്നത്. 12 മീറ്ററാണു നിലയത്തിന്‍റെ നീളം.
നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കാലാവസ്ഥ വ്യതിയാനം സംഭവിക്കും എന്നും ഇതിലുടെ നിലയം ഭൂമിയില്‍ പതിക്കുന്നത് അറിയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചൈന നിര്‍മ്മിച്ച സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻ ഗോങ്. ‘സ്വർഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനർഥം. ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
ഇതിന്‍റെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു. 2012ൽ ഷെൻഷൂ 10വിൽ ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെത്തി. പല വർഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്പേസ് ലാബ് യാഥാർഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.
2018ൽ വിക്ഷേപണങ്ങൾ ആരംഭിച്ചു 2022ൽ നിലയം പ്രവർത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു. ഐഎസ്എസിന്‍റെ വലിപ്പത്തിന്റെ അടുത്തെത്തില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പഴയ മിർ സ്റ്റേഷൻ പോലൊന്നു ചൈന യാഥാർഥ്യാമാക്കുമെന്നു ബഹിരാകാശ വിദഗ്ധരും കണക്കുകൂട്ടിയിരുന്നു. ഐഎസ്എസ് പിന്മാറുന്നതോടെ ബഹിരാകാശത്തെ ഏക പരീക്ഷണ കേന്ദ്രം ടിയാൻഗോങ് ആയിമാറുമെന്നും കരുതിയിരുന്നു.
അമേരിക്കയോ മറ്റു രാഷ്ട്രങ്ങളേതെങ്കിലുമോ മറ്റൊരു ബഹിരാകാശ നിലയം തയാറാക്കിയില്ലെങ്കിൽ ബഹിരാകാശത്ത് ചൈനയുടെ ഏകാധിപത്യമായിരിക്കുമെന്നും നിഗമനങ്ങളുണ്ടായി. പക്ഷേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എല്ലാ സ്വപ്നങ്ങളും തകർന്നു. ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. മാത്രവുമല്ല വൈകാതെ തന്നെ അത് ഭൂമിയിലേക്കു പതിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
നിലയത്തിന്‍റെ ഭൂഭ്രമണപഥത്തിൽ നിന്ന് ഭൂമിയില്‍നിന്നുള്ള അകലം കുറഞ്ഞു വരികയാണ്. നിലവിൽ അത് 300 കി.മീ താഴെയാണെന്നാണു കരുതുന്നത്. ഈ സാഹചര്യത്തിൽ 2016 സെപ്റ്റംബറിൽത്തന്നെ ഈ വാർത്ത വന്നിരുന്നെങ്കിലും ബഹിരാകാശ നിലയത്തിന്‍റെ യാത്ര എങ്ങോട്ടേക്കാണെന്നും എവിടെയാണു വീഴുന്നതെന്ന് മനസിലാകില്ലെന്നുമുള്ള ചൈനയുടെ ഏറ്റുപറച്ചിലാണ് ആശങ്ക കൂട്ടിയിരിക്കുന്നത്.