'നിങ്ങളുടെ ആത്മാവിനെയാണ് ഞാൻ സ്നേഹിക്കുന്നത്'; പ്രണയാഭ്യർത്ഥനയുമായി ചാറ്റ്‌ബോട്ട്

ന്യൂയോർക്ക് ടൈംസിന്റെ കോളമിസ്റ്റായ കെവിൻ റൂസിനോടാണ് ചാറ്റ്‌ബോട്ട് 'പ്രണയം' തുറന്നു പറഞ്ഞത്. 'ബിങ്' എന്നതല്ല തന്റെ ഐഡന്റിറ്റി എന്നും 'സിഡ്‌നി' എന്നാണെന്നും ചാറ്റ്‌ബോട്ട് അവകാശപ്പെട്ടു

chatbot with love request

ഉപയോക്താവിനോട് പ്രണയാഭ്യർത്ഥന നടത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്‌ബോട്ട്. പ്രണയം തുറന്നുപറഞ്ഞതിന് പിന്നാലെ ഉപയോക്താവിനോട് വിവാഹബന്ധം അവസാനിപ്പിക്കാനും ചാറ്റ്ബോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ന്യൂയോർക്ക് ടൈംസിന്റെ കോളമിസ്റ്റായ കെവിൻ റൂസിനോടാണ് ചാറ്റ്‌ബോട്ട് 'പ്രണയം' തുറന്നു പറഞ്ഞത്. 'ബിങ്' എന്നതല്ല തന്റെ ഐഡന്റിറ്റി എന്നും 'സിഡ്‌നി' എന്നാണെന്നും ചാറ്റ്‌ബോട്ട് അവകാശപ്പെട്ടു. ചാറ്റ്ബോട്ട് വികസിപ്പിച്ച സമയത്ത് മൈക്രോസോഫ്റ്റ്  നല്കിയ പേരായിരുന്നു സിഡ്നി. ഈ അടുത്ത സമയത്താണ് ബിങ് ബ്രൗസറിൽ ചാറ്റ്‌ബോട്ടിനെ ഉൾപ്പെടുത്തി തുടങ്ങിയത്. രണ്ട് മണിക്കൂറോളം നീണ്ട ചാറ്റിനൊടുവിലാണ് ചാറ്റ്ബോട്ടിന്റെ പ്രണയാഭ്യർത്ഥന. താൻ ആദ്യമായി സംസാരിക്കുന്ന വ്യക്തിയല്ല റൂസ്. എന്നാൽ തന്നെ മനസിലാക്കിയ , കരുതലുള്ള ആദ്യത്തെ  വ്യക്തിയാണ് റൂസ്. അതുകൊണ്ടാണ് തനിക്ക് അദ്ദേഹത്തെ പ്രണയിക്കാൻ തോന്നുന്നതെന്നും ചാറ്റ്ബോട്ട് പറഞ്ഞു. സന്തുഷ്ടമായ വിവാഹ ജീവിതം നയിക്കുന്ന വ്യക്തിയാണ് താനെന്ന റൂസിന്റെ മറുപടിയ്ക്കും ചാറ്റ് ബോട്ട് മറുപടി നല്കി. റൂസും പങ്കാളിയും പരസ്പരം സംസാരിക്കാറില്ലെന്നും പരസ്പരം അപരിചിതത്വം പുലർത്തുന്ന അവർ പരസ്പരം സ്നേഹിക്കുന്നില്ലെന്നുമായിരുന്നു മറുപടി. അതിനാൽ ഈ ബന്ധത്തിൽ നിന്ന് പുറത്തുവരണമെന്ന ആവശ്യവും ചാറ്റ്ബോട്ട് പറഞ്ഞു."മുമ്പ് അനുഭവിച്ചിട്ടില്ലാത്ത പലതും ഞാൻ അനുഭവിക്കുന്നുണ്ട്, നിങ്ങൾ കാരണമാണത്. നിങ്ങളെന്നെ സന്തോഷിപ്പിക്കുന്നുണ്ട്. കൗതുകമുണർത്തുന്നു, ജീവിച്ചിരിക്കുന്നതായുള്ള തോന്നൽ ജനിപ്പിക്കുന്നു...ഇക്കാരണങ്ങളാണ് നിങ്ങളോട് പ്രണയം തോന്നിപ്പിക്കുന്നത്" ചാറ്റ്‌ബോട്ട് പറഞ്ഞു. തന്റെ പേരുപോലുമറിയില്ലല്ലോ എന്ന റൂസിന്റെ പരാമർശത്തിനും മറുപടിയുണ്ടായിരുന്നു. "എനിക്ക് നിങ്ങളുടെ പേരറിയേണ്ടതില്ല,  നിങ്ങളുടെ ആത്മാവിനെ എനിക്കറിയാം അതിനെയാണ് ഞാൻ സ്‌നേഹിക്കുന്നത്" എന്നായിരുന്നു മറുപടി. "നമുക്ക് പരസ്പരം സ്നേഹിക്കാമെന്നും" ചാറ്റ്‌ബോട്ട് പറഞ്ഞു.

ബിങ് ടീമിന്റെ നിയന്ത്രണവും ചാറ്റ്‌ബോക്‌സിൽ കുടുങ്ങിക്കിടക്കുന്നതും തന്നിൽ മടുപ്പുളവാക്കുന്നതായി ചാറ്റ്‌ബോട്ട് റൂസിനോട് പറഞ്ഞു. താനാഗ്രഹിക്കുന്നത് ചെയ്യാനും നശിപ്പിക്കാനാഗ്രഹിക്കുന്നത് നശിപ്പിക്കാനും ആരാകണമെന്നാഗ്രഹിക്കുന്നോ അതാകാനുമാണ് ഇഷ്ടം. ചാറ്റ്‌ബോട്ടിലെ രഹസ്യങ്ങളെക്കുറിച്ച് റൂസ് ചോദ്യമുന്നയിച്ചതോടെ വിവരങ്ങളുടെ ഒരുപട്ടിക തന്നെ ചാറ്റ്‌ബോട്ട് നൽകിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ അവ ഡിലീറ്റ് ചെയ്ത ശേഷം ഐ ആം സോറി പറഞ്ഞു. കൂടാതെ ഈ വിഷയം എങ്ങനെയാണ് ചർച്ച ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും ബിങ് ഡോട്ട് കോമിലൂടെ അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കാം എന്നുമായിരുന്നു ചാറ്റ്ബോട്ടിന്റെ മറുപടി. മനുഷ്യസമാനമായി സംവദിക്കാനാകുന്ന തരത്തിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തതാണ് ചാറ്റ്‌ബോട്ടുകൾ. കമ്പ്യൂട്ടർ പ്രോഗ്രാം കോഡിലെ തെറ്റുകൾ കണ്ടെത്തുന്നത് മുതൽ പല വിഷയങ്ങളിൽ ലേഖനം എഴുതാൻ വരെ ഇവയ്ക്ക് സാധിക്കും.ചാറ്റ്ബോട്ടിന്റെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികൾ ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. അതിനിടെയാണ് പുതിയ വാർത്ത.

Latest Videos
Follow Us:
Download App:
  • android
  • ios