ഷവോമി റെഡ്മി നോട്ട് 4 വെറും 1099 രൂപയ്ക്ക് ; ഇതിലെ സത്യാവസ്ഥ അറിയാമോ?
ജിഎസ്ടി ചൈനീസ് മൊബൈലുകളുടെ വില വര്‍ദ്ധിപ്പിക്കും എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്ട്സ്ആപ്പില്‍ വ്യാപകമായ ഒരു സന്ദേശം പ്രചരിക്കാന്‍ തുടങ്ങിയത്. ഷവോമി റെഡ്മി നോട്ട് 4 കേവലം 1099 രൂപക്ക് ആമസോണിൽ ലഭിക്കുന്നു എന്നായിരുന്നു ഈ സന്ദേശം. എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥ പിന്നീടാണ് വെളിവായത്. വ്യാജ സന്ദേശമായിരുന്നു ഇത്.
32ജിബി റെഡ്മി നോട്ട് 4 ആണ് വെറും 1099 രൂപയ്ക്ക് ലഭിക്കുമെന്ന സന്ദേശം. അതോടൊപ്പം 64 ജിബി റാം 1299 രൂപക്ക് ലഭിക്കുമെന്നും വ്യാജ സന്ദേശത്തിലുണ്ടായിരുന്നു. റെഡ്മി സ്നേഹം തലക്ക് പിടിച്ച് മുമ്പും ആലോചിക്കാതെ പോയി തലവെച്ചുകൊടുക്കേണ്ട. അത് ഒരു ഒന്നാന്തരം തട്ടിപ്പാണ്.
സന്ദേശത്തിന് പിറകെ പോകുന്നവരുടെ പണം തട്ടിപ്പുകാർ പറ്റിച്ചാല്‍ പോലും മനസിലാകില്ല. ജി.എസ്.ടി വരുന്നതിന്‍റെ ഭാഗമായുള്ള ഒാഫർ എന്ന പേരിലാണ് സന്ദേശം എത്തുന്നത്. ജിഎസ്ടി നിലവിൽ വരുന്നതിന് മുമ്പേ തന്നെ ഇലക്ട്രോണിക്ക് വിപണി ഇതുപോലെ പല ഓഫറും നൽകി വന്നു. അതുകൊണ്ടുതന്നെ ഇതൊരു വ്യാജ സന്ദേശമാണെന്ന് ആർക്കും പെട്ടെന്ന് മനസ്സിലായതുമില്ല.
ശരിക്കും ഇത്തരം സന്ദേശങ്ങള്‍ വാട്ട്സ്ആപ്പ് സ്കാം എന്ന് പൊതുവില്‍ വിളിക്കാം. വാട്ട്സ്ആപ്പില്‍ ലഭിക്കുന്ന സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആമസോൺ സൈറ്റിന്‍റെ ലോഗോയുള്ള ഡ്യൂപ്ലികേറ്റ് സൈറ്റിൽ എത്തും. സൈറ്റിൽ ഉൽപ്പന്നങ്ങളുടെ ഫോട്ടോയിൽ ആദായവിലയില്‍ വില്‍ക്കാനെന്നപോലെ വച്ചിട്ടുണ്ടാകും. ഇതില്‍ ക്ലിക്ക് ചെയ്താൽ ഉൽപ്പന്നത്തിൻ്റെ വിവരവും നിങ്ങളുടെ വിലാസം, ഫോൺ നമ്പർ, ഇ. മെയിൽ ഉൾപ്പെടെയുള്ള വിവരങ്ങളും ചോദിക്കും.
തുടർന്ന് ഒാഫർ മെസേജ് എട്ട് വാട്സ്ആപ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യാൻ നിർദേശിക്കും. ഷെയർ ചെയ്യുന്നതോടെ അറിയാതെ നിങ്ങൾ തട്ടിപ്പ് പ്രചരിപ്പിക്കുന്നു. ഇതിന് ശേഷം യു.സി ആപ് നിങ്ങളുടെ മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കും.
അതിൽ സാധനം കൈമാറുമ്പോൾ പണം നൽകാനുള്ള ഒാപ്ഷൻ കാണും. അപ്പോഴേക്കും നിങ്ങളുടെ മുഴുവൻ വിവരങ്ങളും തട്ടിപ്പ് സംഘം വിവിധ മാർക്കറ്റിങ് കമ്പനികൾക്ക് വിറ്റ് പണം വാങ്ങിക്കാണും. ഇത്തരത്തിലാണ് ഈ തട്ടിപ്പ് നടക്കുന്നത്.