അമേരിക്കയിലെ ഉപയോക്താക്കള്‍ ഐഫോണിനെതിരെ കേസിന്
സിലിക്കണ്‍വാലി: ആപ്പിളിനെതിരെ കേസിന് നീങ്ങുവാന്‍ അമേരിക്കയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ രംഗത്ത്. ആപ്പിള്‍ മനപൂര്‍വ്വം പഴയ ഐഫോണുകളുടെ സ്പീഡ് കുറയ്ക്കുന്നു എന്ന കണ്ടെത്തലുകള്‍ പുറത്തായതോടെയാണ് ആപ്പിളിനെതിരെ ഉപയോക്താക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്.ഒഹായോ, നോര്‍ത് കാരൊലൈന, ഇന്ത്യാന തുടങ്ങിയ സ്‌റ്റേറ്റുകളില്‍ നിന്നുള്ളവരാണ് കേസു കൊടുത്തിരിക്കുന്നത് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്ത. ഐഫോണ്‍ X വാങ്ങിയവരാണ് ഇവരില്‍ പലരും.
ബാറ്ററി പഴകുംതോറും ആപ്പിള്‍ ഗാഡ്ജറ്റിന്‍റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്ന ഒരു രഹസ്യ പവര്‍ മോഡ് ഒഎസിന്‍റെ പുതുക്കിയ പതിപ്പുകളില്‍ ആപ്പിള്‍ നിക്ഷേപിച്ചിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് അടുത്തിടെ ഉയര്‍ന്നത്. ഈ രഹസ്യം കണ്ടെത്തിയത് പ്രൈമേറ്റ് ലാബ്‌സിന്‍റെ ഗവേഷകന്‍ ജോണ്‍ പൂള്‍ ആണ്. ഐഫോണുകളുടെയും ഐപാഡുകളുടെയും പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് അദ്ദേഹം തന്റെ നിരീക്ഷണം നടത്തിയത്. ഇതിന് പിന്നാലെ പ്രശസ്തനായ ഐഒഎസ് ഡവലപ്പര്‍ ജി. റാംബോയും ഇതേ വാദവുമായി രംഗത്ത് എത്തി.
എന്നാല്‍ മറുപടിയുമായി എത്തിയ ആപ്പിള്‍ പറയുന്നത് ഇങ്ങനെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും നല്ല അനുഭവം നല്‍കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും മൊത്തം പ്രകടനത്തിന്റെ കാര്യത്തിലും ഉപകരണം കൂടുതല്‍ കാലം ഈടുനില്‍ക്കണമെന്ന കാര്യത്തിലും തങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നുമാണ്.
ലിഥിയം-ഐയണ്‍ ബാറ്ററികള്‍ക്ക് പ്രോസസര്‍ ആവശ്യപ്പെടുമ്പോള്‍ ഉയര്‍ന്ന ബാറ്ററി ചാര്‍ജ് നല്‍കാന്‍ തണുപ്പുള്ളപ്പോഴും ബാറ്ററി ചാര്‍ജ് കുറവായിരിക്കുമ്പോഴും പഴക്കം നേരിടുമ്പോഴും സാധിക്കില്ല. ഈ സന്ദര്‍ഭങ്ങളില്‍ ഇലക്ട്രോണിക് ഭാഗങ്ങള്‍ക്കു കേടുവരാതിരിക്കാന്‍ ഫോണ്‍ അപ്രതീക്ഷിതമായി ഷട്ഡൗണ്‍ ആകുന്നു.
കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 6, 6എസ്, എസ്ഇ എന്നീ മോഡലുകള്‍ക്ക് പൊടുന്നനെ ധാരാളം ബാറ്ററി ചാര്‍ജ് ആവശ്യമായി വരുന്ന രീതിക്ക് അറുതി വരുത്താനും അതുവഴി ഫോണ്‍ മുന്നറിയിപ്പില്ലാതെ ഷട്ഡൗണ്‍ ആകുന്നതു തടയാനുമായി ഫീച്ചര്‍ അവതരിപ്പിച്ചുവെന്നും അത് ഐഒഎസ് 11.2 ലൂടെ ഐഫോണ്‍ 7നും നല്‍കിയെന്നും മറ്റുപകരണങ്ങള്‍ക്കും ഭാവിയില്‍ ബാധകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നുമാണ് ആപ്പിള്‍ പറയുന്നത്. അതായത് ശരിക്കും തങ്ങളുടെ തെറ്റ് ആപ്പിള്‍ തുറന്ന് സമ്മതിക്കുകയാണ്.
ഇതിന് എതിരെയാണ് പലരും രംഗത്ത് എത്തിയത്, ഫോണിന്റെ പ്രവര്‍ത്തനം സ്ലോ ആയപ്പോള്‍ തങ്ങള്‍ ഹാന്‍ഡ്‌സെറ്റ് മാറേണ്ട സമയമായിയെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നുമാണ് അവര്‍ ഷിക്കാഗോ ഫെഡറല്‍ കോടതിയില്‍ കൊടുത്ത കേസില്‍ പറയുന്നത്. ബാറ്ററി പ്രശ്‌നത്തിലേക്കു തിരിച്ചു വരാം. ബാറ്ററി മാറ്റിവച്ചാല്‍ ഫോണിന്റെ സ്പീഡ് തിരിച്ചു കിട്ടുമെന്ന കാര്യം ആപ്പിള്‍ തങ്ങളോടു പറയേണ്ടിയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.