ചൈനയില്‍ ഐഫോണ്‍ വില്‍പ്പന കുറഞ്ഞു; പുതിയ നമ്പര്‍ ഇറക്കി ആപ്പിള്‍
ഈ വര്‍ഷം ഇറങ്ങിയ ഐഫോണുകളില്‍ ചുവന്ന നിറത്തില്‍ ഇറക്കുവാനാണ് ആപ്പിള്‍ നീക്കം
ബിയജിംഗ്: അമേരിക്കയും യൂറോപ്പും കഴിഞ്ഞാല്‍ ആപ്പിളിന്‍റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ചൈന. ആപ്പിള്‍ ഐഫോണിന് വേണ്ടി സ്വന്തം വൃക്ക പോലും വിറ്റ ഫാന്‍സ് ചൈനയില്‍ ആപ്പിളിനുണ്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. ചൈനാ-അമേരിക്ക വാണിജ്യ യുദ്ധത്തില്‍ ആപ്പിളിന് വലിയ തിരിച്ചടികളാണ് ലഭിച്ചത്. ചൈനക്കാര്‍ ഐഫോണ്‍ വാങ്ങുന്നത് കുത്തനെ കുറഞ്ഞുവെന്നാണ് ചില വിപണി വൃത്തങ്ങള്‍ പറയുന്നത്.
ഒടുവില്‍ ചൈനീസ് വിപണിയിലെ തിരിച്ചടി പരിഹരിക്കാന്‍ ഒരു നമ്പര്‍ ഇറക്കുകയാണ് ആപ്പിള്‍. ഈ വര്‍ഷം ഇറങ്ങിയ ഐഫോണുകളില്‍ ചുവന്ന നിറത്തില്‍ ഇറക്കുവാനാണ് ആപ്പിള്‍ നീക്കം. നേരത്തെ ആപ്പിള്‍ ചുവപ്പ് നിറത്തില്‍ ഇറക്കിയത് ഐഫോണ്‍ എക്സ്ആര്‍ മാത്രമായിരുന്നു. ഇതിന് പുറമേ ഐഫോണിന്‍റെ പുതിയ വിലയേറിയ മോഡലുകള്‍ എക്സ് എസ്/മാക്‌സ് മോഡലുകളും ചുവപ്പു നിറത്തില്‍ ഇറക്കാന്‍ പോകുകയാണ്.
ഈ മാസം അവസാനം പുതിയ നിറത്തിലുള്ള ഫോണുകള്‍ ഇറക്കുമെന്നാണ് കേള്‍ക്കുന്നത്. ഇവയ്ക്ക് സ്റ്റീല്‍ ബോഡിയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് അറിയുന്നത്. ഇപ്പോഴത്തെ മോഡലുകളില്‍ പൂര്‍ണ്ണമായും യൂണി ഗ്ലാസ് മോഡലാണ്. ചുവപ്പു നിറത്തിലുള്ള ഐഫോണുകള്‍ ചൈനയില്‍ തന്നെയായിരിക്കും അവതരിപ്പിക്കുകയും ചെയ്യുകയത്രെ. 'ചൈനാ റെഡ്' എന്നാണ് ഈ വെരിയെന്‍റിന് ചൈനീസ് മാധ്യമങ്ങളില്‍ ലഭിച്ച പേര്.