'അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം ടെസ്‌ലയോ സ്‌പേസ് എക്‌സോ അല്ല'; ഇലോൺ മസ്കിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായത്തിൽ മസ്‌കിന്റെ ഏറ്റവും വലിയ നേട്ടം ടെസ്‌ലയോ സ്‌പേസ് എക്‌സോ അല്ല. അത് ഓരോ സംരംഭത്തെയും ഒരു പഠന പരീക്ഷണമായി കണക്കാക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയാണ്.
ദില്ലി: ഇലോൺ മസ്കിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ബിസിനസ് രംഗത്ത് കൈവരിച്ച നേട്ടങ്ങൾക്കും സാഹസികമായ കാര്യങ്ങൾ ചെയ്യാനുള്ള പേടിയില്ലായ്മയ്ക്കുമാണ് മസ്കിനെ പ്രശംസിച്ചിരിക്കുന്നത്.
ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായത്തിൽ മസ്‌കിന്റെ ഏറ്റവും വലിയ നേട്ടം ടെസ്‌ലയോ സ്‌പേസ് എക്‌സോ അല്ല. അത് ഓരോ സംരംഭത്തെയും ഒരു പഠന പരീക്ഷണമായി കണക്കാക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയാണ്. അതുവഴി അറിവിന്റെയും പുരോഗതിയുടെയും അതിരുകൾ വികസിപ്പിക്കുകയാണ് മസ്ക് ചെയ്യുന്നത്. മനുഷ്യനെ ചന്ദ്രനിലേക്ക് കൊണ്ടുപോകുന്നതിനായി നിർമ്മിച്ച, ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ വാഹനമായ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് പരാജയപ്പെട്ട സമയത്ത് ഇത് പ്രകടമായതാണ്. ആ തിരിച്ചടികൾക്കിടയിലും, മസ്‌ക് തകർന്നില്ല. ദൃഢതയോടെയും നിശ്ചയദാർഢ്യത്തോടെയും മുന്നോട്ട് പോയി എന്നും ആനന്ദ് മഹീന്ദ്ര പറയുന്നു.
ട്വിറ്റർ പഴയ വെരിഫിക്കേഷൻ ബാഡ്ജുകൾ നീക്കം ചെയ്ത് തുടങ്ങിയെന്ന വാർത്തകൾക്കിടയിലാണ് ഇലോൺ മസ്കിനെ പ്രശംസിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വന്നിരിക്കുന്നത്. പോപ്പ് ഫ്രാൻസിസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും അടക്കമുള്ള പ്രമുഖർക്ക് ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായിരുന്നു. പണം നൽകിയവർക്ക് മാത്രമേ ഇനി നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന് ഇലോണ്‍ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Also: നീല ചെക്ക് മാർക്കുകൾ അപ്രത്യക്ഷമായി തുടങ്ങി; ട്വിറ്ററിന്റെ പ്രതിമാസ, വാർഷിക പ്ലാനുകൾ