ലോകത്ത് എയ്ഡ‍്സ് കുറയുന്നു; മരണങ്ങള്‍ ഗണ്യമായി കുറഞ്ഞു
പാരീസ്: ലോകത്ത് എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നുതുടങ്ങിയതായി യുഎന്‍ റിപ്പോര്‍ട്ട്. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ആരംഭിച്ച എയ്ഡ്‌സ് ശാസ്ത്ര കോണ്‍ഫറന്‍സില്‍ ഐക്യരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എയ്ഡ്‌സ് ബാധിച്ച് മരിച്ചവരുടെ എണ്ണം പകുതിയോളം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 2016ല്‍ 10 ലക്ഷം പേരാണ് ലോകത്ത് എയ്ഡ്‌സ് രോഗം മൂലം മരിച്ചത്. 2005ല്‍ മരണം 19 ലക്ഷമായിരുന്നു. അതായത് പത്തുവര്‍ഷം കൊണ്ട് ഏതാണ്ട് പകുതിയോളം എയ്ഡ്‌സ് മരണം കുറഞ്ഞിരിക്കുന്നുവെന്ന് അര്‍ത്ഥം.
എയ്ഡ്‌സിനെതിരെയുള്ള മരുന്ന് കണ്ടെത്തുന്നതിനായി ലോകത്താകമാനം നിരവധി പരിശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എയ്ഡ്‌സ് ചികിത്സയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. ഇതാണ് മരണനിരക്കില്‍ കുറവ് വരുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3.67 കോടി എയ്ഡ്‌സ് രോഗികളുണ്ടായിരുന്നതില്‍ 1.95 കോടി പേര്‍ക്കും മികച്ച ചികില്‍സ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് ഏറ്റവും അധികം എയ്ഡ്‌സ് രോഗികളുള്ളത് ആഫ്രിക്കയിലാണ്. ഇവിടെ 2010ല്‍ 30 ശതമാനത്തോളം ആളുകളിലും എച്ച്‌ഐവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും, വടക്കന്‍ ആഫ്രിക്കയിലും, കിഴക്കന്‍ യുറോപ്പിലും മധ്യ ഏഷ്യന്‍ രാജ്യങ്ങളിലും 48 ശതമാനം മുതല്‍ 38 ശതമാനം എയ്ഡ്‌സ് രോഗികളാണ് മരണമടഞ്ഞത്.