'ടെര്‍മിനേറ്ററുകള്‍' യാഥാര്‍ത്ഥ്യമാകുന്നു; മുന്‍ കരുതല്‍ എടുക്കാന്‍ ലോകം

AI Experts Call for Autonomous Weapons Ban

ന്യൂയോര്‍ക്ക്: ടെര്‍മിനേറ്ററുകള്‍ക്കെതിരെ തയ്യാറെടുപ്പുകള്‍ നടത്താന്‍  വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും സാങ്കേതിക മേഖലയിലെ കമ്പനികളുടെയും ഔദ്യോഗികമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇതാദ്യമായി അവസരമൊരുക്കുകയാണ് യുഎൻ. ആണവ ആയുധങ്ങളെക്കാള്‍ ഭാവിയില്‍ ഏറ്റവും വെല്ലുവിളി കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങളാകും എന്ന കണക്കുകൂട്ടലിലാണ് ഈ അന്തര്‍ദേശീയ കൂടികാഴ്ച.

സ്വയം നിയന്ത്രിത ആയുധങ്ങളുടെ നിർവ്യാപനം സംബന്ധിച്ച ഒരു കരാറിന് ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പൂർണമായും സ്വയം നിയന്ത്രിക്കുന്ന ആയുധങ്ങളെ വിലക്കണമെന്ന് സാമൂഹികപ്രവർത്തകരും സാങ്കേതിക മേഖലയിലെ വമ്പന്മാരും തന്നെ ആവശ്യപ്പെടുന്നുണ്ട്. ടെസ്‌ല കമ്പനി തലവൻ ഇലൻ മസ്ക് തന്നെ ഇതിൽ മുൻപന്തിയിൽ. 

യുദ്ധത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങളായിരിക്കും ഇവ കൊണ്ടുവരിക. എന്നാൽ സാധാരണക്കാരുടെ ജീവനു വൻനാശമായിരിക്കും ഫലം. നവംബർ 13ന് ആരംഭിക്കുന്ന ആയുധ നിർവ്യാപന യോഗം അഞ്ചു ദിവസം നീളും. ഇന്ത്യൻ അംബാസഡർ അമൻദീപ് ഗില്ലിന്റെ അധ്യക്ഷതയിലാണു യോഗം. ഇത്തരം ആയുധങ്ങളെ നിരോധിക്കുന്നതു സംബന്ധിച്ച തീരുമാനം യോഗത്തിലുണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു.

നിരോധനം കൊണ്ടുവരിക എളുപ്പമാണ്. പക്ഷേ സങ്കീർണമായ ഇത്തരമൊരു വിഷയത്തിൽ പെട്ടെന്നുള്ള തീരുമാനം ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം നിയന്ത്രിത ആയുധങ്ങളുടെ കാര്യത്തിൽ ഇപ്പോഴും സ്റ്റാർട്ടിങ് ലൈനിലാണു ലോകം എന്നും അദ്ദേഹത്തിന്‍റെ വാക്കുകൾ.  നിലവിൽ വിവിധ രാജ്യങ്ങളുടെ കയ്യിലുള്ള ഇത്തരം ആയുധങ്ങളെ തിരിച്ചറിയുക എന്നതാണു യോഗത്തിന്റെ ലക്ഷ്യം. 

കില്ലർ റോബട്ടുകളുടെ ഉൾപ്പെടെ നിർമാണം തടയണമെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നത്. കൊല്ലുന്നത് റോബട്ടുകളാണെങ്കിലും അവയെക്കൊണ്ട് കൊല്ലിക്കുന്നത് മനുഷ്യനാണ്. അതിനാൽത്തന്നെ അവയെ ആരംഭത്തിലേ തടുക്കാൻ സാധിക്കണം. വിവിധ അൽഗോരിതം പ്രകാരമാണ് ഇത്തരം ആയുധങ്ങളുടെ പ്രവർത്തനം. 

ഇവ ചെയ്യുന്ന കുറ്റങ്ങൾക്ക് ആരായിരിക്കും ഉത്തരവാദി. യന്ത്രങ്ങൾക്കും അൽഗോരിതങ്ങൾക്കുമെതിരെ കേസെടുക്കാൻ ഒരു രാജ്യാന്തര കോടതിക്കും സാധിക്കില്ലെന്നും സംഘടനകൾ പറയുന്നു. ഇത്തരം ആയുധങ്ങളുടെ കാര്യത്തിൽ മനുഷ്യർ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണം. നടപടി ആവശ്യമെങ്കിൽ അവർക്കെതിരെയാണ് ഉണ്ടാകേണ്ടത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios