സൂര്യഗ്രഹണം ലൈവായി കാണാം; സംവിധാനം ഒരുക്കി നാസ
എക്സറേ ഫിലുമുകളിലൂടെ സൂര്യഗ്രഹണം കണ്ടിരുന്ന കാലം അവസാനിക്കുന്നു. ആഗസ്റ്റ് 21നു നടക്കുന്ന പൂര്‍ണ്ണ സൂര്യഗ്രഹണത്തിന്‍റെ ബഹിരാകാശ ദൃശ്യങ്ങള്‍ തല്‍സമയം ഇന്‍റര്‍നെറ്റിലൂടെ കാണാം. യുഎസിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ നാസ ഇതിനായി ഹൈ ആള്‍ട്ടിട്യൂഡ് ബലൂണുകള്‍ ബഹിരാകാശത്തേക്ക് അയയ്ക്കും. ആദ്യമായാണ് ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന അപൂര്‍വ നിമിഷങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തുന്നത്. ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ സാന്നിധ്യം പഠിക്കാനും നാസ ഹൈ ആള്‍ട്ടിട്യൂഡ് ബലൂണുകള്‍ പ്രയോജനപ്പെടുത്തും.
ഇന്‍റര്‍നെറ്റില്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിലൂടെ ഭൂമിയിലെ എല്ലാവര്‍ക്കും ഒരേ സമയം സൂര്യഗ്രഹണം കാണാനാകുമെന്ന് മൊണ്ടാന സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ എയ്ഞ്ചല ദെസ് ജാര്‍ദിന്‍സ് പറഞ്ഞു. പൂര്‍ണ്ണ സൂര്യഗ്രഹണം പകര്‍ത്തുന്ന നാസയുടെ പദ്ധതിയുടെ മേധാവിയാണ് എയ്ഞ്ചല. ഭൂമിക്കു പുറത്തുള്ള ജീവനെക്കുറിച്ച് പഠിക്കാനയയ്ക്കുന്ന ബലൂണുകളില്‍ 34എണ്ണത്തിന്‍റെ ചുമതല സിലിക്കൺ വാലിയിലെ അമെസ് റിസര്‍ച്ച് സെന്‍ററിലെ ഗവേഷകര്‍ക്കാണ്.
മൈക്രോസ്റ്റാര്‍ട്ടെന്നാണ് ചെലവുകുറഞ്ഞ ഈ പദ്ധതിക്ക് നാസ പേരിട്ടിരിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷപാളിയായ സ്റ്റ്രാറ്റോസ്ഫിയറിനെക്കുറിച്ച് പഠിക്കാനുള്ള അവസരമാണിതെന്ന് നാസയുടെ പ്ലാനെറ്ററി തലവനായ ജീം ഗ്രീന്‍ പറഞ്ഞു. ഭൂമിയേക്കാള്‍ 100 മടങ്ങ് കാഠിന്യമേറിയ ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ചും ഹൈ ആള്‍ട്ടിട്യൂഡ് ബലൂണുകള്‍ പഠിക്കും.