'പൂത്തുമ്പി പാറും' മുൻപ് പൊട്ടിത്തെറിച്ച് മൈക്ക്, ഒഴിവായത് വൻ അപകടം, മുന്നറിയിപ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇലക്ട്രോണിക് ഉപകണങ്ങള്‍ ചാര്‍ജ് ചെയ്ത് കൊണ്ട് ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന അലസ മനോഭാവം മുന്നോട്ട് വക്കുന്നത് വലിയ അപകടങ്ങളാണ്. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് വലിയ അപകടങ്ങള്‍ ഇതിന് മുന്‍പ് സംസ്ഥാനത്തുണ്ടായിട്ടുണ്ട്.

6 year old girl gets narrow escape from huge accident things must keep on mind while charging electronic equipment's carelessly etj

കല്ലടിക്കോട്: 'പാറിപ്പറക്കും പൂന്തുമ്പി'ക്ക് അകമ്പടിയായിരുന്ന മൈക്ക് പൊട്ടിത്തെറിച്ചത് നിമിഷ നേരം കൊണ്ട്. കല്ലടിക്കോട് ഒഴിവായത് വന്‍ ദുരന്തം. ഇലക്ട്രോണിക് ഉപകണങ്ങള്‍ ചാര്‍ജ് ചെയ്ത് കൊണ്ട് ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന അലസ മനോഭാവം മുന്നോട്ട് വക്കുന്നത് വലിയ അപകടങ്ങളാണ്. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് വലിയ അപകടങ്ങള്‍ ഇതിന് മുന്‍പ് സംസ്ഥാനത്തുണ്ടായിട്ടുണ്ട്. കല്ലടിക്കോട് 6 വയസുകാരിക്ക് പരിക്കേറ്റതും ഇത്തരമൊരു അശ്രദ്ധയുടെ ഫലമായാണ്.

പാലക്കാട് കല്ലടിക്കോട് സ്വദേശി ഫിൻസ ഐറിൻ എന്ന 6 വയസു കാരിക്കാണ് ഞായറാഴ്ച കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന കരോക്കെ മൈക്ക് ഉപയോഗിച്ച് കുട്ടി പാട്ടുപാടുന്ന ദൃശ്യങ്ങളും പെട്ടന്ന് കരോക്കെ നിലയ്ക്കുന്നതും പിന്നാലെ പൊട്ടിത്തെറിക്കുന്നതുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.

സംഭവത്തേക്കുറിച്ച് ഫിന്‍സയുടെ പിതാവ് കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബു പ്രതികരിക്കുന്നത് ഇപ്രകാരമാണ്. പാട്ടുപാടിക്കൊണ്ടിരിക്കുമ്പോ മൈക്ക് സ്റ്റക്കായി. പിടിക്കാന്‍ നോക്കുമ്പോഴേയ്ക്കും മൈക്ക് പൊട്ടിത്തെറിച്ചു. ഭയന്നു പോയി, കുഞ്ഞ് നിലത്തും വീണു. കുഞ്ഞിന്റെ മുഖത്ത് മൈക്ക് പൊട്ടി കറുത്ത പൊടിയായിരുന്നു. ചുണ്ട് പൊട്ടി ചോര വന്നു. ഭീകരമായ അവസ്ഥയായിരുന്നു. നിലവാരം കുറഞ്ഞ ഉപകരണം ആയിരുന്നു. ഇതിന് പുറമേ തനിക്ക് പറ്റിയ അബദ്ധം എന്താണെന്ന് വച്ചാല്‍ ചാര്‍ജിന് ഇട്ട് ഉപയോഗിക്കുകയായിരുന്നു. ഇങ്ങനത്തെ ഒന്ന് വാങ്ങാനേ പാടില്ലാരുന്നു. കുറച്ച് കൂടി ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നു.

പൊട്ടിത്തെറിയില്‍ ഭയന്നെങ്കിലും സംഭവത്തേക്കുറിച്ച് ആറുവയസുകാരിയുടെ പ്രതികരണം ഇപ്രകാരമാണ്. കരോക്കെ മൈക്കില് പാടിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് പൊട്ടിത്തെറിച്ച്. മുഖത്തൊക്കെ കറുപ്പ് നിറമായി. ചുണ്ട് പൊട്ടി ചോരയായി. തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തമാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും സംഭവിച്ചതിന്‍റെ ആഘാതത്തില്‍ നിന്ന് പതിയെ പുറത്ത് വന്നിട്ടുണ്ട് ഈ 6 വയസുകാരി.

ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കൃത്യമായി കാണുന്നുണ്ട്. മൈക്ക് കുട്ടി ചാർജ്ജിലിട്ടാണ് ഉപയോ​ഗിച്ചത്. ചാർജ്ജിലിട്ട് കുട്ടി പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയൊരു ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. ഒരു വീട്ടില്‍ വലിയൊരു ദുരന്തമുണ്ടാക്കാൻ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ ചെറിയൊരു ഉപകരണം മതിയെന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വലിയൊരു പരിധി വരെ മൊബൈല്‍ ചാര്‍ജര്‍ അടക്കം ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാൻ നമുക്ക് കഴിയും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

ഒന്ന്...

ചാര്‍ജറില്‍ നിന്നുള്ള അപകടങ്ങള്‍ സംഭവിക്കുന്നത് പ്രധാനമായും ഉപയോഗത്തിന് ശേഷം സ്വിച്ച് ഓഫ് ചെയ്യാത്തതും പ്ലഗ് ഊരി മാറ്റാത്തതും ആണ്. ഇക്കാര്യത്തിന് ആദ്യം തന്നെ പ്രാധാന്യം നല്‍കുക. ആവശ്യം കഴിഞ്ഞാല്‍ ഉടനെ തന്നെ ചാര്‍ജറില്‍ നിന്ന് വൈദ്യുതി ബന്ധം വിഛേദിക്കുക.

രണ്ട്...

അധികസമയം ചാര്‍ജില്‍ ഇടരുത്. ചാര്‍ജ് ആയി എന്ന് കണ്ടാല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണവും ഊരിമാറ്റുക. ചാര്‍ജറും വൈദ്യുതി ബന്ധത്തില്‍ നിന്ന് വിഛേദിക്കുക. പലരും ചാര്‍ജ് ചെയ്യാനിട്ട ശേഷം ആ ഭാഗത്തേക്കേ തിരിഞ്ഞു നോക്കാതിരിക്കാറുണ്ട്.

മൂന്ന്...

ഫോണിന്‍റെ കൂടെ കിട്ടുന്ന ചാര്‍ജര്‍ കേടായാല്‍ പിന്നെ വില കുറഞ്ഞ ചാര്‍ജറേ വാങ്ങുകയുള്ളൂ. ഇത് പെട്ടെന്ന് ചീത്തയാവുകയും ചെയ്യും. ഇങ്ങനെ മൊബൈല്‍ ചാര്‍ജര്‍ പോലുള്ള ഉപകരണങ്ങളുടെ കാര്യത്തില്‍ പിശുക്ക് കാണിക്കാതിരിക്കുക. സാമാന്യം നിലവാരമുള്ള ചാര്‍ജര്‍ തന്നെ എപ്പോഴും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

നാല്...

ചില ചാര്‍ജറുകള്‍ നിലവാരമുള്ളതാണെങ്കിലും പിന്നീട് ഉപയോഗശേഷം പഴകുന്നതിന് പിന്നാലെ പല കേടുപാടുകളും സംഭവിക്കാറുണ്ട്. ചാര്‍ജര്‍ പെട്ടെന്ന് ചൂടായിപ്പോകുന്നത് ഇത്തരമൊരു തകരാറാണ്. ചാര്‍ജര്‍ പെട്ടെന്ന് ചൂടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ ചാര്‍ജര്‍ ഒഴിവാക്കി പുതിയത് വാങ്ങിക്കുക. ഇത് നിര്‍ബന്ധമായും ചെയ്യണം.

അഞ്ച്...

ചാര്‍ജര്‍ ചൂടാകുന്നത് പോലെ തന്നെ അതിന്‍റെ കേബിളിന് പുറത്തുള്ള ഭാഗം പൊട്ടിയോ മറ്റെന്തെങ്കിലും സംഭവിച്ചോ അകത്തുള്ള കമ്പികള്‍ പുറത്തുകാണുംവിധത്തിലേക്ക് എത്തിയ ചാര്‍ജറുകളും ഉടനടി ഒഴിവാക്കണം. കേബിള്‍ പൊട്ടിയ ചാര്‍ജറുകള്‍ ഒരു സാഹചര്യത്തിലും ഉപയോഗിക്കാതിരിക്കുക. കാരണം ഇതില്‍ നിന്നാണ് കറണ്ടടിക്കാൻ ഏറ്റവുമധികം സാധ്യതയുള്ളത്.

ആറ്...

ഫോണ്‍ ചാര്‍ജിലിടുന്ന സ്ഥലം നനവുള്ളതായിരിക്കരുത്. ഇങ്ങനെയും അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതാണ്. കറണ്ടില്‍ കണക്ട് ചെയ്തിട്ടുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ കാലുകളില്‍ നനവുള്ളതോ, നില്‍ക്കുന്ന ഭാഗങ്ങളില്‍ നനവുള്ളതോ എല്ലാം ഷോക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ഏഴ്...

മൊബൈല്‍ ചാര്‍ജറില്‍ നിന്നോ, അല്ലെങ്കില്‍ ഏതെങ്കിലും ഉപകരണങ്ങളില്‍ നിന്നോ ഷോക്ക് വരുന്നുവെങ്കില്‍ ഇത് നിസാരമായി തള്ളിക്കളയാതെ എന്താണ് പ്രശ്നമെന്ന് കണ്ടെത്തണം. അത് കണ്ടെത്താൻ നിങ്ങള്‍ക്ക് കഴിയാത്തപക്ഷം അറിവുള്ളവരെ വിളിച്ചുവരുത്ത് പരിശോധിപ്പിച്ച് പ്രശ്നം കണ്ടെത്തി, അത് പരിഹരിക്കണം. ഇക്കാര്യങ്ങളിലൊന്നും ഒരിക്കലും മടി കാണിക്കാതിരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios