‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്’; ഉണ്ണി മുകുന്ദന്‍

വര്‍ക്കല പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായ ആനിയുടെ എസ്‌ഐ കുപ്പായത്തിലേക്കുള്ള 12 വര്‍ഷത്തെ യാത്രയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. 

unni mukundan facebook post on anie shiva

കൊച്ചി ; ജീവിത പ്രതിസന്ധികളെ നേരിട്ട് വിജയിച്ച പൊലീസ് ഓഫീസര്‍ ആനി ശിവ വാര്‍ത്തകളില്‍ നിറയുന്പോള്‍, ഈ ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി  നടൻ ഉണ്ണി മുകുന്ദൻ. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചു. ആനി ശിവ യഥാർത്ഥ പോരാളി ആണെന്നും അവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

20മത്തെ വയസ്സില്‍ ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ച് പിഞ്ചു കുഞ്ഞിനെയും മാറോട് ചേര്‍ത്തുപിടിച്ച് വീടുവിട്ടിറങ്ങിയ ആനി ശിവ 12 വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി കാക്കിയണിഞ്ഞു നമുക്കിടയിലുണ്ട്. വര്‍ക്കല പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായ ആനിയുടെ എസ്‌ഐ കുപ്പായത്തിലേക്കുള്ള 12 വര്‍ഷത്തെ യാത്രയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. 

Read More: 20ാം വയസ്സില്‍ പിഞ്ചുകുഞ്ഞുമായി തെരുവിലേക്ക്, നാരങ്ങവെള്ളം വിറ്റ് ജീവിതം, ഇപ്പോള്‍ എസ്‌ഐ; ആനിയുടെ ജീവിതം

സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ ഐപിഎസ് എന്ന ലക്ഷ്യത്തിലേക്ക് നടന്ന് കയറാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി ആനി എസ്.പി എന്ന 31കാരി. 

പതിനെട്ടാം വയസില്‍ ഡിഗ്രി ആദ്യ വര്‍ഷം പഠിക്കുമ്പോളാണ് ആനി വിവാഹിത ആകുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം പോയത് കൊണ്ട് അതോടെ അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആനി എട്ടു മാസം പ്രായമായ മോനെയും കൊണ്ട് എങ്ങോട്ട് പോകണം എന്നറിയാതെ പകച്ചു നിന്നു. 

ആദ്യം സ്വന്തം വീട്ടില്‍ പോയെങ്കിലും അവര്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് ബന്ധുവീട്ടില്‍ അഭയം പ്രാപിച്ചു. ജീവിക്കണം എന്ന വാശിയില്‍ എംഎ പൂര്‍ത്തീകരിച്ചു. ജീവിതം കെട്ടിപ്പടുക്കാന്‍ ഡെലിവറി ഏജന്റ് ആയും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായുമൊക്കെ ആനി പല ജോലികളും ചെയ്തു. അതിനിടയിലാണ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന വേളയില്‍ നാരങ്ങാ വെള്ളവും ഐസ്‌ക്രീമും വില്‍ക്കുന്ന സ്റ്റാള്‍ ഇട്ടത്. 

അതേ സമയം ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിനെതിരെ വിമര്‍ശനവുമായി നടന്‍റെ പോസ്റ്റിലും പുറത്തും പലരും രംഗത്ത് എത്തിയിട്ടുണ്ട്.  ആനി ശിവയെ പ്രശംസിക്കുന്നതോടൊപ്പം ഫെമിനിസ്റ്റുകളെ പരോക്ഷമായി പരിഹസിച്ചിരിക്കുന്നതാണ് 'പൊട്ട്'  പരാമര്‍ശം എന്നാണ് വിമര്‍ശനം. നിരവധി കമന്‍റുകള്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിന് അടിയില്‍ കാണാം. എന്നാല്‍ ഫെമിനിസ്റ്റുകളെ പരാമര്‍ശിച്ചതില്‍‍ ഉണ്ണി മുകുന്ദനെ അഭിനന്ദിക്കുന്നവരും പോസ്റ്റിന് അടിയിലുണ്ട്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios