'ഇതില്‍ ഒരാള്‍ കരയുമ്പോള്‍ നമ്മളും കരയും'; മോഹന്‍ലാലോ മമ്മൂട്ടിയോ? സിബി മലയില്‍ പറയുന്നു
സിബി മലയില്‍- മോഹന്‍ലാല്‍ ടീമിന്‍റെ ദേവദൂതന്‍ 24 വര്‍ഷങ്ങള്‍ക്കിപ്പുറം റീമാസ്റ്റര്‍ ചെയ്ത് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാര്‍ മലയാലത്തിലാണുള്ളതെന്ന് മറുഭാഷകളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാപ്രേമികളും പോലുും പലപ്പോഴും അഭിപ്രായപ്പെടാറുണ്ട്. സൂപ്പര്‍താരങ്ങള്‍ തന്നെ പ്രതിഭാധനരായ അഭിനേതാക്കളാണെന്നതാണ് മലയാളത്തിന്‍റെ പ്രത്യേകത. അതില്‍ത്തന്നെ മലയാളികള്‍ എല്ലായ്പ്പോഴും താരതമ്യം ചെയ്യാറുള്ള രണ്ടുപേരാണ് മോഹന്‍ലാലും മമ്മൂട്ടിയും. രണ്ടുപേരും അസാധ്യ പ്രതിഭകളാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ചില മേഖലകളില്‍ ഒരാള്‍ മറ്റൊരാളേക്കാള്‍ മികവ് പുലര്‍ത്താറുണ്ടെന്ന് പലരും പറയാറുണ്ട്. ഇപ്പോഴിതാ കരയുന്ന രംഗത്തെ പ്രകടനത്തെക്കുറിച്ച് പറയുകയാണ് മുതിര്‍ന്ന സംവിധായകന്‍ സിബി മലയില്‍.
മമ്മൂട്ടി കരയുമ്പോഴാണ് തനിക്ക് കൂടുതല്‍ ഉള്ളില്‍ തൊടുന്നതായി അനുഭവപ്പെടാറെന്ന് സിബി പറയുന്നു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്. സംസാരമധ്യേ സ്വാഭാവികമായി ഇക്കാര്യം പറയുകയായിരുന്നു സിബി മലയില്‍. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ- "എനിക്ക് തോന്നുന്നു, മമ്മൂട്ടി കരയുമ്പോള്‍ നമ്മളും കരയും. മോഹന്‍ലാല്‍ കരയുന്നതിനേക്കാള്‍ മമ്മൂട്ടി കരയുമ്പോള്‍ നമുക്ക് സങ്കടം വരും. എന്‍റെ ഭാര്യ എപ്പോഴും പറയും, മമ്മൂക്ക കരയുന്നത് തനിക്ക് കാണാന്‍ പറ്റില്ലെന്ന്. കഥ പറയുമ്പോള്‍ സിനിമയൊക്കെ അങ്ങനെയാണ്. അത് കാണുമ്പോള്‍ എനിക്ക് കണ്ണ് നിറയും. എനിക്കും അങ്ങനെയാണ്. ഇത്തരത്തിലുള്ള രംഗങ്ങളില്‍ മമ്മൂട്ടി വരുമ്പോള്‍ എനിക്കും കണ്ണ് നിറയും. സങ്കടം വരും", സിബി മലയില്‍ പറയുന്നു.
അതേസമയം സിബി മലയില്‍- മോഹന്‍ലാല്‍ ടീമിന്‍റെ ദേവദൂതന്‍ 24 വര്‍ഷങ്ങള്‍ക്കിപ്പുറം റീമാസ്റ്റര്‍ ചെയ്ത് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് കാണികളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. 2000 ലെ ആദ്യ റിലീസിന്‍റെ സമയത്ത് വന്‍ പരാജയം നേരിട്ട ചിത്രമായിരുന്നു ഇത്. രഘുനാഥ് പലേരിയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.