മരണവീട്ടിലും പ്രശ്‍നങ്ങളുമായി 'ജയന്തി': 'സാന്ത്വനം' റിവ്യൂ
ലക്ഷ്‍മിയമ്മയുടെ മരണത്തിന് പരോക്ഷ ഉത്തരവാദി തമ്പിയാണെന്നാണ് എല്ലാവരുടെയും പക്ഷം
സാന്ത്വനം വീട്ടിലെ ഗൃഹനാഥയെയാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങള്‍കൊണ്ട് വളരെ കാലമായി വീല്‍ചെയറിലായിരുന്നു ലക്ഷ്മിയമ്മ. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു അവരുടെ മരണം. ശരിക്കുള്ള ഒരു മരണവീടിന്റെ പ്രതീതി നല്‍കുന്ന തരത്തിലാണ് ലക്ഷ്മിയമ്മയുടെ മരണവും അതിന്റെ ബാക്കി കാര്യങ്ങളെല്ലാം പരമ്പരയില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ കരച്ചിലാണ് അണിയറക്കാര്‍ ഫോക്കസ് ചെയ്‍തിരിക്കുന്നതെങ്കിലും ഒരു മരണപ്രതീതി പരമ്പരയിലുടനീളം തങ്ങി നില്‍ക്കുന്നുണ്ട്. പ്രേക്ഷകര്‍ അത് അങ്ങനെതന്നെയാണ് ഉള്‍ക്കൊള്ളുന്നത് എന്നതിന് തെളിവാണ് ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വീഡിയോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍. മരണത്തിന് പരോക്ഷ ഉത്തരവാദിയാണെന്ന് എല്ലാവരും കരുതുന്നത് അപ്പുവിന്റെ അച്ഛനായ തമ്പിയെയാണ്. തമ്പി കൃഷ്ണ സ്റ്റോഴ്‌സ് കത്തിച്ചതാണ് ലക്ഷ്മിയമ്മയുടെ പെടുന്നനെയുള്ള ആരോഗ്യപ്രശ്‌നത്തിന് കാരണം.
അതുകൊണ്ടുതന്നെ മരണവീട്ടിലേക്കെത്തിയ തമ്പിയെ അപ്പു ആട്ടിയിറക്കി വിടുന്നുണ്ട്. കൂടാതെ തമ്പി ചെയ്തത് അല്‍പ്പം കടന്ന കയ്യായിരുന്നുവെന്ന് തമ്പിയുടെ കൂടെയുള്ളവരും പറയുന്നുണ്ട്. തമ്പിയുടെ കുറ്റബോധവും പരമ്പരയില്‍ കാണാം. ചെന്നൈയില്‍ പഠിക്കാനായി കണ്ണന്‍ പോയത് രണ്ട് ദിവസം മുന്‍പാണ്. അവിടെയെത്തി ഒന്ന് റിലാക്‌സ് ചെയ്യുമ്പോഴേക്കും അമ്മയ്ക്ക് സുഖമില്ലെന്നുപറഞ്ഞ് കണ്ണനെ നാട്ടിലേക്ക് തിരികെ വിളിക്കുകയായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അമ്മ മരിച്ചവിവരം കണ്ണന്‍ അറിയുന്നത്. വീട്ടിലെ ഇളയവനായകുകൊണ്ടുതന്നെ അമ്മയോട് അറെ അടുപ്പമുണ്ടായിരുന്ന കുട്ടിയാണ് കണ്ണന്‍. അതുകൊണ്ടുതന്നെ കണ്ണന്‍ നാട്ടിലെത്തുന്ന സീനെല്ലാം ഹൃദയസ്പര്‍ശിയായിരുന്നു. എന്നാല്‍ മരണവീട്ടിലും എല്ലാവരുടേയും വെറുപ്പ് പിടിച്ചുപറ്റുകയാണ് ജയന്തി. സാന്ത്വനത്തിലെ ശിവന്റെ ഭാര്യയായ അഞ്ജലിയുടെ ചിറ്റമ്മയാണ് ജയന്തി.
ലക്ഷ്മിയമ്മയെ ചിതയിലേക്ക് എടുക്കുമ്പോഴും ജയന്തിയുടെ സംശയം, ഇനി വീട് ഭരിക്കുന്നത് മൂത്ത ഏടത്തി ദേവിയായിരിക്കുമോ എന്നാണ്. അസൂയയാണ് ജയന്തിയുടെ എപ്പോഴത്തെയും വികാരമെങ്കിലും ഈയൊരു അവസരത്തിലുള്ള ജയന്തിയുടെ പെരുമാറ്റം എല്ലാവരെയും വിഷമത്തിലാക്കുന്നുണ്ട്. കൂടാതെ അപ്പുവും അഞ്ജലിയുമെല്ലാം ഒന്നിച്ചിരുന്ന് കഞ്ഞി കുടിക്കുന്നിടത്തുവന്ന് ജയന്തി പറയുന്നത്, അപ്പുവിന്റെ അച്ഛന്‍ കാരണം ഈ വീട്ടിലെ അമ്മ മരിച്ചിട്ടും എന്തിനാണ് അപ്പുവിനെ ഇവിടെ നിര്‍ത്തുന്നതെന്നാണ്. അതേസമയം വരും ട്വിസ്റ്റുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക