'സൈബര്‍ ബുള്ളിയിംഗ് പരിധികള്‍ ലംഘിക്കുന്നു' : സൈബര്‍സെല്ലിന് പരാതിയുമായി നടി
അടുത്തിടെയായി സ്ത്രീകള്‍ക്കുനേരെയുള്ള സൈബറിടങ്ങളിലെ അക്രമങ്ങള്‍ സാധരണപ്രശ്‌നമെന്നോണം വര്‍ദ്ധിച്ചു വരികയാണെന്നും മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ അത് വ്യക്തമായി അനുഭവിക്കാന്‍ സാധിക്കുന്നുവെന്നുമാണ് സൈബര്‍ സെല്ലിനയച്ച പരാതിയില്‍ സാധിക വ്യക്തമാക്കുന്നത്.
താരങ്ങള്‍ക്ക് നേരെ മോശം കമന്റുകളും പ്രതികരണങ്ങളും വരുന്നത് സോഷ്യല്‍ മീഡിയയില്‍ പുതിയ കാര്യമല്ല. എന്നാല്‍ അത്തരം ആളുകളോട് താരങ്ങള്‍ തന്നെ ഇപ്പോള്‍ പ്രതികരിക്കാറും പ്രതികരണങ്ങളെല്ലാം വാര്‍ത്തയാകാറുമുണ്ട്. എന്നാല്‍ സൈബര്‍ ക്രൈമുകളുടെ എണ്ണം കുറയാറില്ലെന്ന് മാത്രം. നിരന്തരമായി സോഷ്യല്‍ മീഡിയയിലെ മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വന്ന് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ രീതിയില്‍ തന്നെ താരം പലപ്പോഴായി മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയും, അത് മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുംവിധം സ്‌ക്രീന്‍ഷോട്ടായി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയുമാണ് സാധിക.
അടുത്തിടെയായി സ്ത്രീകള്‍ക്കുനേരെയുള്ള സൈബറിടങ്ങളിലെ അക്രമങ്ങള്‍ സാധരണപ്രശ്‌നമെന്നോണം വര്‍ദ്ധിച്ചു വരികയാണെന്നും മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ അത് വ്യക്തമായി അനുഭവിക്കാന്‍ സാധിക്കുന്നുവെന്നുമാണ് സൈബര്‍ സെല്ലിനയച്ച പരാതിയില്‍ സാധിക വ്യക്തമാക്കുന്നത്. കപട പുണ്യാളന്മാരേയും, സമൂഹത്തിലെ കീടങ്ങളേയും തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും, ഇനിയും ശബ്ദമുയര്‍ത്താതിരിക്കുന്നതാണ് സമൂഹത്തിന്റെ പ്രശ്‌നമെന്നുമാണ് സാധിക പറയുന്നത്.
സാധികയുടെ കുറിപ്പ് വായിക്കാം
''പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ... പ്രതികരിക്കുക. നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്‌നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്‌നം. അവരൊക്കെയാണ് ഇത്തരം കീടങ്ങളുടെ പ്രചോദനം. ശാരീരിക പീഡനം മാത്രമല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെയാണ്.
പൊരുതുക സ്ത്രീ സ്വാതന്ത്രത്തിനായല്ല, സ്ത്രീ ശാക്തീകരണത്തിനായി, 'കമ്പനിയുടെ മുന്നില്‍ അഭിമാനം പണയം വെക്കാത്ത' ധീര വനിതകള്‍ വാണിരുന്ന ഭാരതത്തിന്റെ മണ്ണില്‍ അഭിമാനം അടിയറവു വക്കാതെ മുന്നോട്ടു പോകണമെങ്കില്‍ ആദ്യം ഇല്ലാതാക്കേണ്ടത് ഇത്തരം സാമൂഹ്യ ദ്രോഹികളെയും അവര്‍ക്കു ചുക്കാന്‍ പിടിച്ചു സ്തുതി ഗീതം പാടുന്ന സദാചാരത്തിന്റെ മുഖമറ ഉള്ള നട്ടെല്ലില്ലാത്ത ഒരുകൂട്ടം കപട പുണ്യാളന്‍മാരെയുമാണ് (ആണും പെണ്ണും പെടും).
ഇനിവരുന്ന തലമുറക്കായി ഇത്തരം സാമൂഹ്യദ്രോഹികളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. നമുക്കൊരുമിച്ചു മുന്നേറാം പ്രതികരിക്കാം നമുക്കായ് ഒരു നല്ല നാളെക്കായ്. വിമര്‍ശനം നല്ലതാണ് പക്ഷെ മാന്യത ഉണ്ടാവണം. അഭിപ്രായം നല്ലതാണ് പക്ഷെ ബഹുമാനം ഉണ്ടാകണം. സമൂഹമാധ്യമമല്ല കുഴപ്പം അതിന്റെ ഉപയോഗമറിയാത്ത, അതിനെ ചൂഷണം ചെയ്യുന്ന വൈറസുകളാണ്. അവര്‍ക്കുള്ള മരുന്ന് നമ്മുടെ ശബ്ദം ആകണം. ലൈംഗീക ചൂഷണം, മാനസിക പീഡനം എന്നിവയെല്ലാ ജീവിതകാലം മുഴുവന്‍ ലോക്കഡൗണ്‍ എന്ന അവസ്ഥയിലേക്കെത്തിച്ചേക്കാം. പേടിച്ചിരിക്കേണ്ടതും ഒളിച്ചിരിക്കേണ്ടതും ഇരകള്‍ അല്ല, സമൂഹം അല്ല നമ്മുക്ക് ചിലവിനു തരുന്നത്. തല കുനിക്കേണ്ടത് നമ്മളല്ല അതിനു കാരണക്കാര്‍ ആരാണോ അവരാണ്. ഇനിയെങ്കിലും മൗനം വെടിഞ്ഞു ശബ്ദം ഉയര്‍ത്തുക. (ഇത് പെണ്ണിന്റെ മാത്രം പ്രശ്‌നം അല്ല പീഡനം അനുഭവിക്കുന്ന ആണുങ്ങളും ഇതിനെതിരെ പ്രതികരിക്കുന്നത് സമൂഹത്തിലെ മാന്യതയുടെ മുഖമൂടി ധരിച്ചവരെ വെളിച്ചത്തു കൊണ്ടുവരാനും സത്യാവസ്ഥകള്‍ പലരും തിരിച്ചറിയുന്നതിനും മാനസിക സങ്കര്‍ഷം കുറക്കുന്നതിനും പരിഹാരമാകും.''
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona