ആ റോളിന് ആമിര്‍ ഖാന്‍ അന്ന് ചോദിച്ചത് 25 ലക്ഷം; 6 ലക്ഷത്തിന് താന്‍ ചെയ്യാമെന്ന് ഷാരൂഖ് ഖാന്‍; കാരണം ഇതാണ്
കൂടുതല്‍ പ്രതിഫലം ചോദിക്കുമ്പോഴും ആമിറിന് ഓഫര്‍ സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല
താരപരിവേഷം നിലനിര്‍ത്തുക എന്നത് സിനിമയിലെ അഭിനേതാക്കളുടെ നിലനില്‍പ്പിന് തന്നെ ആവശ്യമാണ്. തുടര്‍ച്ചയായ വിജയങ്ങളല്ലാതെ അതിന് മറ്റ് വഴികളൊന്നുമില്ല താനും. എന്നാല്‍ എപ്പോഴും വിജയചിത്രങ്ങളുടെ ഭാഗമാവുകയെന്നത് ആരെക്കൊണ്ടും സാധിക്കുന്ന കാര്യവുമല്ല. ഓരോരോ കാലത്ത് വിജയത്തിന്‍റെ തിളക്കത്തില്‍ നില്‍ക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രതിഫലവും മികച്ച അവസരങ്ങളുമൊക്കെ വന്നുചേരുക. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും അവരുടെ കരിയറിന്‍റെ തുടക്കത്തില്‍ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചതിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെക്കുകയാണ് പ്രശസ്ത പരസ്യ സംവിധായകനായ പ്രഹ്ലാദ് കക്കര്‍.
"980 കളുടെ അവസാനമാണ് കാലം. ഖയാമത്ത് സേ ഖയാമത്ത് തക് ഒക്കെ ഇറങ്ങി ആമിര്‍ ഖാന്‍ ജനപ്രീതിയില്‍ നില്‍ക്കുന്ന സമയമാണ്. അതേസമയം ദൂരദര്‍ശന്‍റെ പരമ്പരയായ ഫൌജിയിലെ അഭിനയത്തിലൂടെ ഷാരൂഖിനും അത്യാവശ്യം പ്രശസ്തിയുണ്ട്. പുതുതായി ചെയ്യാന്‍ പോകുന്ന പരസ്യത്തിലേക്ക് ഇവര്‍ ഇരുവരുടെയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും തനിക്ക് താല്‍പര്യം ആമിര്‍ വരണമെന്നായിരുന്നുവെന്ന് പ്രഹ്ലാദ് കക്കര്‍ പറയുന്നു. "ആമിര്‍ ഖാന്‍ ആണ് കൂടുതല്‍ പ്രതിഫലവും ആവശ്യപ്പെട്ടത്. 25 ലക്ഷമാണ് അദ്ദേഹം ചോദിച്ചത്. എന്നാല്‍ 6 ലക്ഷത്തിന് താന്‍ അഭിനയിക്കാമെന്ന് ഷാരൂഖ് സമ്മതിച്ചു. അന്ന് മുംബൈയില്‍ ഒരു വീട് വാങ്ങാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഷാരൂഖ്. അതിന് അടിയന്തിരമായി പണം കണ്ടെത്തേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്", സൂമിന് നല്‍കിയ അഭിമുഖത്തില്‍ പ്രഹ്ലാദ് കക്കര്‍ പറയുന്നു.
"കൂടുതല്‍ പ്രതിഫലം ചോദിക്കുമ്പോഴും ആമിറിന് ശരിക്കും ആ പരസ്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. കാരണം അക്കാലത്ത് പരസ്യങ്ങളില്‍ അഭിനയിക്കാന്‍ സിനിമാതാരങ്ങള്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. കാരണം സിനിമയില്‍ നല്ല അവസ്ഥയിലല്ല ഉള്ളതെന്ന ഒരു പ്രതിച്ഛായ പുറത്ത് വരും എന്നതായിരുന്നു കാരണം. ഈ പരസ്യം താങ്കള്‍ക്ക് ഒരു വലിയ നടനെന്ന പ്രതിച്ഛായ നല്‍കുമെന്ന് ഞാന്‍ പറഞ്ഞെങ്കിലും ആമിര്‍ അത് അംഗീകരിച്ചില്ല. സിനിമകളിലൂടെയേ അത് സാധിക്കൂ എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്". എന്നാല്‍ പിന്നീട് 25 ലക്ഷം വാങ്ങി ആമിര്‍ പരസ്യത്തില്‍ അഭിനയിച്ചെന്നും ഏറെ വൈകാതെ ഷാരൂഖ് ഖാനെ വച്ച് മറ്റൊരു പരസ്യം തങ്ങള്‍ ചിത്രീകരിച്ചെന്നും പ്രഹ്ളാദ് കക്കര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക