'കളിപ്പാട്ടക്കടയാണെന്നുകരുതി ഓടിക്കയറിയത് പൊലീസ് സ്‌റ്റേഷനിലേക്ക്'; അനുഭവം പങ്കുവച്ച് ജിഷിന്‍
കേരളത്തിലെ ആദ്യത്തെ സ്ത്രീ ,ശിശു സൗഹാര്‍ദ പൊലീസ് സ്‌റ്റേഷനായ കടവന്ത്ര പൊലീസ് സ്‌റ്റേഷനിലെ അനുഭവമാണ് ജിഷിന്‍ പങ്കുവച്ചത്
മിനിസ്‌ക്രീനിലെയും സോഷ്യല്‍ മീഡിയയിലെയും സജീവ താരങ്ങളായ ജിഷിന്‍ മോഹനും വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്‍റെ നര്‍മ്മം ചാലിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്. ജിഷിന്‍റെ പോസ്റ്റുകളോട് കൗതുകത്തോടെയാണ് ആരാധകരും പ്രതികരിക്കാറുള്ളത്.
കഴിഞ്ഞദിവസം ജിഷിന്‍ പങ്കുവച്ച രസകരമായ കുറിപ്പാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ സ്ത്രീ ,ശിശു സൗഹാര്‍ദ പൊലീസ് സ്‌റ്റേഷനായ കടവന്ത്ര പൊലീസ് സ്‌റ്റേഷനിലെ അനുഭവമാണ് ജിഷിന്‍ പങ്കുവച്ചത്. ലോക്ക്ഡൗണ്‍ ഇളവ് കിട്ടിയപ്പോള്‍ നാളുകളായി പുറംലോകം കാണാത്ത മകനുമൊത്ത് കളിപ്പാട്ടം അന്വേഷിച്ചിറങ്ങിയെന്നും, അങ്ങനെ പാര്‍ക്കാണെന്ന് തോന്നിച്ച കടവന്ത്ര പൊലീസ് സ്‌റ്റേഷനില്‍ എത്തിയെന്നുമാണ് ജിഷിന്‍ കുറിക്കുന്നത്.
പൊലീസ് സ്റ്റേഷന്‍ ചൈല്‍ഡ് പാര്‍ക്ക് ആക്കിയപ്പോള്‍
'ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചത് പ്രമാണിച്ച് മോനേം കൊണ്ട് ഒന്ന് പുറത്തിറങ്ങിയതായിരുന്നു. അവന് വല്ല കളിപ്പാട്ടവും വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ച് വണ്ടിയില്‍ പോകുമ്പോഴാണ് അവന്‍ പെട്ടെന്ന് ഒരു കളിപ്പാട്ടക്കട കണ്ടെന്നു പറഞ്ഞത്. വണ്ടി തിരിച്ചു വന്നപ്പോഴാണ് മനസ്സിലായത് അത് കടവന്ത്ര പൊലീസ് സ്റ്റേഷന്‍ ആയിരുന്നെന്ന്. കണ്ടപ്പോള്‍ വളരെ കൗതുകം തോന്നി. ഉള്ളില്‍ കേറണോ എന്ന് ആദ്യം ശങ്കിച്ചെങ്കിലും, ആ ശങ്ക ഇല്ലാതെ അവിടേക്ക് ഓടിക്കേറിയ അവന്‍റെ പുറകെ കയറിച്ചെല്ലേണ്ടി വന്നു.
ഒരു പാര്‍ക്കില്‍ ചെന്ന സന്തോഷമായിരുന്നു അവന്. പൊലീസ് മാമന്മാര്‍ (അവന്‍റെ ഭാഷയില്‍) അവനോടു പേരൊക്കെ ചോദിച്ച് വളരെ ഫ്രണ്ട്ലി ആയി പെരുമാറി. വാവ വലുതാകുമ്പോള്‍ ഐ.പി.എസ് ആകും എന്നൊക്കെ അവനും തട്ടി വിടുന്നത് കേട്ടു. അഞ്ചു പത്തു മിനിറ്റ് അവിടെ ചെലവഴിച്ച്, അവരുടെ അനുവാദത്തോട് കൂടെ ഫോട്ടോയും എടുത്ത് അവന്‍റെ കയ്യും പിടിച്ച് പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ വലിയ സന്തോഷം തോന്നി.
നല്ല ഒരു കണ്‍സെപ്റ്റ്. 'ശിശു സൗഹാര്‍ദ പൊലീസ് സ്‌റ്റേഷന്‍'. പൊലീസ് സ്റ്റേഷനില്‍ കയറാനുള്ള സാധാരണക്കാരുടെ മനസ്സിലുണ്ടായേക്കാവുന്ന ചെറിയ ഒരു ഭയം ദുരീകരിക്കാന്‍ ഇത് വളരെയധികം സഹായിക്കും. ഈ കൊറോണക്കാലത്ത് നമ്മള്‍ എല്ലാവരും വീട്ടില്‍ സേഫ് ആയി ഇരിക്കുമ്പോള്‍ നമുക്ക് വേണ്ടി എന്ത് സഹായത്തിനും റെഡി ആയി, സദാ കര്‍ത്തവ്യനിരതരായിരിക്കുന്ന പോലീസുകാര്‍ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.'
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoron