പുതിയ കഥാപാത്രമായി ക്യാമറയ്ക്ക് മുന്നിലേക്ക് മമ്മൂട്ടി; 'കണ്ണൂര്‍ സ്ക്വാഡ്' പൂനെയില്‍: ലൊക്കേഷന്‍ വീഡിയോ
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം
ഈ വാരാന്ത്യം തിയറ്ററുകളിലെത്തിയ ക്രിസ്റ്റഫറിനു ശേഷം മമ്മൂട്ടിയുടേതായി രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജിയോ ബേബിയുടെ കാതല്‍: ദി കോറും നെറ്റ്ഫ്ലിക്സിന്റെ എംടി ആന്തോളജിയിലെ കടുഗണ്ണാവ: ഒരു യാത്ര എന്ന ലഘുചിത്രവും. ഇപ്പോഴിതാ മൂന്നാമത്തെ മറ്റൊരു സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.
ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍ പങ്കുവച്ച വീഡിയോയാണ് ഇത്. ഔട്ട്ഡോറിലെ രാത്രി സീക്വന്‍സുകള്‍ ചിത്രീകരിക്കാനായി ലൈറ്റപ്പ് ചെയ്തിരിക്കുന്ന ഇടത്തേക്ക് മമ്മൂട്ടി എത്തുന്നതും സംവിധായകന്റെ നിര്‍ദേശങ്ങള്‍ സശ്രദ്ധം കേള്‍ക്കുന്നതുമൊക്കെ 1.20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്.
ALSO READ : തിയറ്ററുകളില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിച്ച് സ്ഫടികം; ചരിത്രമായി റീ റിലീസ്
പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും മമ്മൂട്ടി തന്നെ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് കണ്ണൂര്‍ സ്ക്വാഡ് എന്ന് വെളിപ്പെടുത്തിയിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം തമിഴ്നാട് റിലീസിന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന് റോണി ഡേവിഡ് രാജ് ആണ്.
മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ് നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, ഡിസൈൻ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവർസീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. പി ആർ ഒ പ്രതീഷ് ശേഖർ.