'വേറൊന്നും പറയണ്ട, മാപ്പ് ചോദിക്കൂ'; അവതാരകയോട് മോശമായി പെരുമാറിയ കൂള്‍ സുരേഷിനോട് മന്‍സൂര്‍ അലി ഖാന്‍: വീഡിയോ

സിനിമാ പ്രൊമോഷന്‍ വേദികളിലെ സ്ഥിരം സാന്നിധ്യമാണ് സുരേഷ്

cool suresh misbehaviour with female anchor mansoor ali khan responds sarakku movie audio launch video nsn

സിനിമാ പ്രൊമോഷന്‍ വേദികളില്‍ കണ്ടന്‍റ് സൃഷ്ടിക്കുന്നതിന്‍റെ പേരില്‍ കുപ്രസിദ്ധിതന്നെ നേടിയിട്ടുള്ള ആളാണ് തമിഴ് നടന്‍ കൂള്‍ സുരേഷ്. ചിമ്പു നായകനായ വെന്ത് തനിന്തത് കാടിന്‍റെ പ്രൊമോഷന്‍ വേദി മുതല്‍ പലപ്പോഴും കൂള്‍ സുരേഷ് വൈറല്‍ ആയിട്ടുണ്ട്. പ്രൊമോഷന്‍ വേദികള്‍ രസകരമാക്കാന്‍ സുരേഷിനെ പലപ്പോഴും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കൊണ്ടുവരാറുണ്ട്. പക്ഷേ പുതിയൊരു ചിത്രത്തിന്‍റെ പ്രൊമോഷന്‍ വേദിയില്‍ അത്തരത്തില്‍ കണ്ടന്‍റ് സൃഷ്ടിക്കാനുള്ള കൂള്‍ സുരേഷിന്‍റെ ശ്രമം വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സരക്ക് എന്ന തമിഴ് ചിത്രത്തിന്‍റെ ഇന്നലെ നടന്ന ഓഡിയോ ലോഞ്ച് വേദിയിലെ മോശം പെരുമാറ്റമാണ് കൂള്‍ സുരേഷിന്‍റെ വീണ്ടും വാര്‍ത്താ തലക്കെട്ടുകളില്‍ എത്തിച്ചത്.

വേദിയില്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ സുരേഷ് ഒരു പൂമാല ധരിച്ചിരുന്നു. സംസാരത്തിനിടെ  തൊട്ടടുത്ത് നിന്നിരുന്ന വനിതാ അവതാരകയുടെ കഴുത്തിലേക്ക് അപ്രതീക്ഷിതമായി മറ്റൊരു വലിയ പൂമാല ധരിപ്പിക്കുകയായിരുന്നു സുരേഷ്. ഇത് തട്ടിമാറ്റാന്‍ ശ്രമിച്ച അവതാരക കൈയില്‍ കിട്ടിയ ഉടന്‍ മാല നിലത്തേക്ക് എറിയുകയും ചെയ്തു. പിന്നീട് മന്‍സൂര്‍ അലി ഖാന്‍ സംസാരിക്കാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂള്‍ സുരേഷിന്‍റെ മോശം പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചു. ഇതിന് താങ്കള്‍ തന്നെ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷിനെ മന്‍സൂര്‍ അലി ഖാന്‍ മൈക്കിനടുത്തേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ തന്‍റെ ഭാഗം വിശദീകരിക്കാനാണ് സുരേഷ് ശ്രമിച്ചത്.

 

ഇവിടെ വന്നപ്പോള്‍ത്തന്നെ ഞാനും അവതാരകയും ചിരിച്ച് രസകരമായാണ് സംസാരിച്ചതെന്ന് പറഞ്ഞ് സുരേഷ് തുടങ്ങിയപ്പോഴേക്കും മന്‍സൂര്‍ അലി ഖാന്‍ അത് തടയാന്‍ ശ്രമിച്ചു. മാപ്പ് ചോദിച്ചാല്‍ മതിയെന്നും പറഞ്ഞു. എന്നാല്‍ സുരേഷ് വീണ്ടും തുടര്‍ന്നു- "കണ്ടന്‍റിന് വേണ്ടി ഞാന്‍ ചെയ്തതാണ് അത്. ഒരു പെണ്ണിന്‍റെ കഴുത്തിലേക്ക് ഇത്തരത്തില്‍ മാല ധരിക്കുന്നത് തെറ്റാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല", സുരേഷ് പറഞ്ഞു. അപ്പോഴേക്കും മന്‍സൂര്‍ അലി ഖാന്‍ മൈക്ക് മാറ്റുകായിരുന്നു. അതൊക്കെ തെറ്റാണെന്നും പറഞ്ഞു. പിന്നീട് കൂള്‍ സുരേഷ് അവതാരകയോട് മാപ്പ് ചോദിച്ചു- "ഞാന്‍ അതില്‍ മാപ്പ് ചോദിക്കുന്നു. സഹോദരീ, ക്ഷമിക്കൂ", സുരേഷിന്‍റെ വാക്കുകള്‍.

 

പിന്നീട് സുരേഷിന്‍റെ വിശദമായ പ്രതികരണവും എത്തി. "അത് രസകരമാവുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒരു സ്ത്രീയുടെ കഴുത്തിലേക്ക് ആ രീതിയില്‍ മാലയിട്ടത് തെറ്റായിപ്പോയെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. സാധാരണ രീതിയില്‍ പങ്കെടുക്കുന്ന എല്ലാ വേദികളിലും എന്തെങ്കിലും തമാശയൊപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ആ ലക്ഷ്യത്തോടെയാണ് ഇന്നലത്തെ പ്രവര്‍ത്തിയും സംഭവിച്ചത്. പക്ഷേ അത് മോശമായി മാറി. സോഷ്യല്‍ മീഡിയയില്‍ എല്ലാവരും അതേക്കുറിച്ചാണ് സംസാരിക്കുന്നത്. ആ അവതാരകയുടെ പേര് എനിക്കറിയില്ല. നിരുപാധികമായി ഞാന്‍ അവരോട് മാപ്പ് ചോദിക്കുന്നു", സുരേഷ് പറഞ്ഞു.

ALSO READ : വിതരണാവകാശം വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്; കേരളത്തില്‍ വര്‍ക്ക് ആയോ 'ജവാന്‍'? രണ്ടാഴ്ച കൊണ്ട് നേടിയ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios