ബൗളിങ്ങും ഗംഭീര ബാറ്റിങ്ങുമായി ഉണ്ണി മുകുന്ദൻ, ഒപ്പം മറ്റ് താരങ്ങളും; കേരള സ്ട്രൈക്കേഴ്സ് പോരാട്ടത്തിന് സജ്ജം
മാര്‍ച്ച് 5ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും കേരളത്തിന്‍റെ മത്സരം ഉണ്ടാകും.
സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ബംഗാള്‍ ടൈഗേഴ്സും കര്‍ണാടക ബുള്‍ഡോസേഴ്സും തമ്മിലാണ് ആദ്യ മത്സരം. ബിഗ് സ്ക്രീൻ താരങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ജനങ്ങളും. മൂന്ന് വർഷത്തിന് ശേഷം എത്തുന്ന സിസിഎല്ലിൽ തകർത്താടാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും മലയാളി താരങ്ങളുടെ കേരള സ്ട്രൈക്കേഴ്സ് നടത്തി കഴിഞ്ഞു. നാളെയാണ് കേരള ടീമിന്‍റെ ആദ്യ മത്സരം. ഈ അവസരത്തിൽ തങ്ങളുടെ പരിശീലന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.
ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ താരങ്ങളുടെ വ്യായാമ മുറകളും കഠിന പരിശീലനങ്ങളും ദൃശ്യമാണ്. ഉണ്ണി മുകുന്ദന്റെ ഗംഭീര ബൗളിങ്ങും ബാറ്റിങ്ങും വീഡിയോയിൽ കാണാം. ഒപ്പം വിജയ് യേശുദാസും ഉണ്ട്. 'ഞങ്ങളുടെ ടീം ഈ സീസണിനായി സജ്ജമാണ്. നിങ്ങളോ ?', എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരാണ് കേരള ടീം അംഗങ്ങൾ. ദീപ്തി സതി, പ്രയാഗ മാർട്ടിൻ എന്നിവരാണ് വനിത അംബാസിഡര്‍മാര്‍.
ആകെ 19 മത്സരങ്ങളാണ് ഇത്തവണ സിസിഎല്ലിൽ ഉള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ ആകും മാറ്റുരയ്ക്കുക. മാർച്ച് 19ന് ഹൈദരാബാദിലാണ് ഫൈനൽ മത്സരം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും കേരളത്തിന്‍റെ മത്സരം ഉണ്ടാകും. മാര്‍ച്ച് 5 ന് നടക്കുന്ന ഈ മത്സരത്തില്‍ ബോളിവുഡ് ടീം ആയ മുംബൈ ഹീറോസ് ആണ് എതിരാളികള്‍.
'ജീവിച്ചു കൊതി തീരതെയാണല്ലോ മോനെ നിന്റെ മടക്കം', കുറിപ്പ്