'സൈക്കിളിങ്ങാണ് ആരോഗ്യത്തിന് നല്ലത്': പെട്രോൾ വിലയെ ട്രോളി സണ്ണി ലിയോൺ
ഇന്ധനവില വർധനവിനെതിരെ കർഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും.
രാജ്യത്ത് ഇന്ധനവില വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിഷേധ ട്രോള്‍ പങ്കുവെച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ ട്രോൾ. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണ്ണി കുറിക്കുന്നത്. സെക്കിളിനൊപ്പമുള്ള ചിത്രങ്ങളും സണ്ണി ലിയോൺ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ധനവില വർധനവിനെതിരെ കർഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. സമര സ്ഥലങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും കർഷക പ്രതിഷേധം ഉണ്ടാകും. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് പ്രതിഷേധം. സമരത്തിന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ കർഷക നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായിട്ടാണ് ഇന്നത്തെ പ്രതിഷേധം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona