'ആരും ചതിക്കപ്പെടരുത്'; തങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് അപ്‍സരയും ആൽബിയും
യുട്യൂബ് ചാനലിലൂടെയാണ് താരദമ്പതികളുടെ വീഡിയോ
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സാന്ത്വനം. പരമ്പരയിലെ ജയന്തിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപ്‌സരയാണ്. ഏഷണിയും കുശുമ്പുമൊക്കെയായി മറ്റ് കഥാപാത്രങ്ങളുടെ സമാധാനം കളയാന്‍ പ്രത്യേകമായൊരു കഴിവുണ്ട് ജയന്തിക്ക്. നെഗറ്റീവ് ടച്ചുള്ള ക്യാരക്ടറാണെങ്കിലും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ അപ്‌സരയ്ക്ക് നല്‍കുന്നത്. സംവിധായകൻ ആൽബിയാണ് അപ്സരയുടെ ഭർത്താവ്. യുട്യൂബ് ചാനലില്‍ സജീവമാണ് താരങ്ങൾ.
തങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് പറഞ്ഞാണ് താരദമ്പതികളുടെ പുതിയ വീഡിയോ. കഴിഞ്ഞ കുറച്ച് നാളുകളായി തങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് എല്ലാം താഴെ ഒരു ടെലഗ്രാം മെസേജ് വരുന്നുണ്ടെന്ന് ഇവർ പറയുന്നു. അപ്‌സര ആൽബി എന്ന് പേരും ഫോട്ടോയും വച്ചുകൊണ്ടുള്ള ടെലഗ്രാം അക്കൗണ്ടിൽ നിന്നുമാണ് മെസേജുകൾ വരുന്നത്. പേരും ഫോട്ടോയും തങ്ങളുടേത് ആയതിനാൽ ഇതിന് ഒരു വ്യക്ത നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണ്.
ഞങ്ങളോടുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പേരിലായിരിക്കുമല്ലോ അങ്ങനെ വരുന്ന ഒരു മെസേജിൽ നിങ്ങൾ ക്ലിക്ക് ചെയ്യുന്നത്. ഞങ്ങളെ സ്‌നേഹിക്കുന്നവർ വഞ്ചിക്കപ്പെടരുത് എന്നുള്ളത് കൊണ്ടാണ് ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നതെന്നും താരങ്ങൾ വ്യക്തമാക്കി. 'ഞങ്ങൾ റിപ്ലേ ചെയ്തിട്ട് എന്താ നിങ്ങൾ സമ്മാനം തരാത്തത്' എന്ന് ചോദിച്ച് ചിലർ പേഴ്‌സണലി മെസേജുകൾ അയക്കാൻ തുടങ്ങിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത് എന്നാണ് ഇരുവരും പറയുന്നത്.
പണം തട്ടുക എന്നത് തന്നെയാണ് ഇതിന് പിന്നിലുള്ളവരുടെ ഉദ്ദേശം. അതുകൊണ്ട് ആരും ചതിക്കപ്പെടരുത്. ഞങ്ങൾക്ക് എന്തെങ്കിലും നിങ്ങളുമായി സംസാരിക്കാനുണ്ടെങ്കിൽ ഇതുപോലെ നേരിട്ട് വീഡിയോയിൽ വന്ന് കാര്യങ്ങൾ പറയുന്നതായിരിക്കും. അല്ലാതെ കമന്റിന് താഴെ വന്ന് രഹസ്യമായി ഞങ്ങൾക്ക് ഒന്നും പറയാനില്ല. ഇങ്ങനെ വരുന്ന മെസേജുകൾക്ക് മറുപടി നൽകാനോ, ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ഒ ടി പി വിവരങ്ങൾ കൈമാറാനോ നിൽക്കരുത്. ഇതിനെ തങ്ങൾ നിയപരമായി നേരിടുമെന്നും അപ്‌സരയും ആൽബിയും പറയുന്നു.