'അവര്‍ക്ക് പ്രസവിക്കേണ്ടല്ലോ': സൂപ്പര്‍താരങ്ങളെക്കുറിച്ച് പഴയ കാല നടി മീനാക്ഷി ശേഷാദ്രി
ഇതേ സമയം സിനിമ രംഗത്ത് പുരുഷ താരങ്ങള്‍ കൂടുതൽ കാലം സൂപ്പർസ്റ്റാറായി തുടരുന്നത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തുകയാണ് മീനാക്ഷി ഒരു അഭിമുഖത്തില്‍.
ദില്ലി: 1980-കളിൽ ഹിന്ദി സിനിമയിൽ നിറഞ്ഞുനിന്ന നായികയായിരുന്നു മീനാക്ഷി ശേഷാദ്രി. അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ജീതേന്ദ്ര, അനിൽ കപൂർ, ശത്രുഘ്നൻ സിൻഹ തുടങ്ങിയ നിരവധി സൂപ്പർ താരങ്ങളുടെ നായികയായി . 1996-ൽ സിനിമ രംഗത്ത് നിന്നും വിരമിച്ച് ഇവര്‍ യുഎസില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഇപ്പോള്‍ സിനിമ ലോകത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
ഇതേ സമയം സിനിമ രംഗത്ത് പുരുഷ താരങ്ങള്‍ കൂടുതൽ കാലം സൂപ്പർസ്റ്റാറായി തുടരുന്നത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തുകയാണ് മീനാക്ഷി ഒരു അഭിമുഖത്തില്‍. ലെഹ്‌റൻ റെട്രോയോടുള്ള സംഭാഷണത്തില്‍ താരം പറഞ്ഞത് ഇതാണ്.
“പുരുഷ അഭിനേതാക്കൾ സിനിമ രംഗത്ത് കൂടുതൽ കാലം പ്രവർത്തിക്കുന്നതിന് കുറച്ച് കാരണങ്ങളുണ്ട്. ധർമ്മേന്ദ്ര, ജീതേന്ദ്ര, അമിതാഭ് ബച്ചൻ എന്നിവരുടെ തലമുറയിലും ഈ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. വീട്ടിൽ ഗാർഹിക ജോലികൾ ചെയ്യുന്നവരല്ല പുരുഷന്മാർ എന്നതാണ് പ്രധാന ഘടകം. അതിനാൽ അവർക്ക് അവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റും.
അവര്‍ക്ക് പ്രസവത്തെക്കുറിച്ചോ ഗർഭധാരണത്തെക്കുറിച്ചോ കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചോ വിഷമിക്കേണ്ടതില്ല എന്നതാണ് മറ്റൊരു കാര്യം. ഇതെല്ലാം സ്ത്രീയുടെ ഉത്തരവാദിത്തമായി മാറുന്നു. അതിനാൽ നടിമാര്‍ രംഗത്ത് നിന്നും പോകും, നടന്മാര്‍ ഇവിടെ തന്നെ തുടരും. പ്രധാന ഘടകം എന്നും ആളുകൾ അവരെ ഇഷ്ടപ്പെടുന്നു എന്നതാണ്" മീനാക്ഷി ശേഷാദ്രി പറഞ്ഞു.
മീനാക്ഷി ശേഷാദ്രി 13 വർഷത്തോളം ബോളിവുഡില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു. 1996-ലെ ഇടവേളയ്ക്ക് ശേഷം 1998-ൽ സ്വാമി വിവേകാനന്ദനിലും തുടർന്ന് 2016-ൽ പുറത്തിറങ്ങിയ ഘയാൽ: വൺസ് എഗെയ്ൻ എന്ന ചിത്രത്തിലും അവർ അതിഥി വേഷത്തിൽ അഭിനയിച്ചു. ഏകദേശം 27 വർഷങ്ങൾക്ക് ശേഷം മീനാക്ഷി തിരിച്ചുവരവിനായി ഒരുങ്ങുകയാണ് നടി. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിൽ താന്‍ ഫിലിംമേയ്ക്കറുമാര്‍ നല്‍കുന്ന ഏത് വേഷവും ചെയ്യുമെന്നാണ് നടി പറയുന്നത്.
മുംബൈയിലെ ഹാജി അലി ദര്‍ഗ സന്ദര്‍ശിച്ച് അക്ഷയ് കുമാര്‍: ബോളിവുഡിനെ ഞെട്ടിച്ച തുക സംഭാവന നല്‍കി