'വലിമൈ അപ്‍ഡേറ്റ്'? വെംബ്ലി സ്റ്റേഡിയത്തിലും ചോദ്യമുയര്‍ത്തി അജിത്ത് ആരാധകര്‍
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ വേദിയിലും സമാന പ്ലക്കാര്‍ഡ് ഉയര്‍ന്നിരുന്നു
കൊവിഡിനു ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ കോളിവുഡ് പ്രതീക്ഷയര്‍പ്പിക്കുന്ന പ്രധാന പ്രോജക്റ്റുകളിലൊന്നാണ് അജിത്ത് കുമാര്‍ നായകനാവുന്ന 'വലിമൈ'. അജിത്തിന്‍റെ അന്‍പതാം പിറന്നാള്‍ ദിനമായ മെയ് ഒന്നിന് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തിന്‍റെ സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ അത് മാറ്റിവച്ചിരുന്നു. ആ സമയം മുതല്‍ 'വലിമൈ അപ്ഡേറ്റി'നായി അജിത്ത് ആരാധകരുടെ വലിയ ക്യാംപെയ്‍ന്‍ ട്വിറ്ററില്‍ നടന്നുവരുന്നുണ്ട്. അപ്ഡേറ്റ് എപ്പോള്‍ വരുമെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ നിന്ന് പുറത്തേക്കും അവര്‍ എത്തിച്ചിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ വേദിയില്‍ ഒരു അജിത്ത് ആരാധകന്‍ ഈ ചോദ്യമെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന്‍റെ ചിത്രം വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ അതിനുപിന്നാലെ യൂറോ ഫുട്ബോള്‍ വേദിയിലേക്കും അത്തരമൊരു പ്ലക്കാര്‍ഡ് എത്തിയിരിക്കുകയാണ്.
യൂറോ കപ്പ് ചാംപ്യന്‍ഷിപ്പില്‍ കഴിഞ്ഞ ദിവസം വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഇറ്റലി-സ്പെയിന്‍ മത്സരം കാണാനെത്തിയ ഒരു ആരാധകനാണ് പ്ലക്കാര്‍ ഉയര്‍ത്തിയത്. 'വലിമൈ അപ്ഡേറ്റ്?' എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. ട്വിറ്ററില്‍ എത്തിയതോടെ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം ഈ മാസം 15ന് ചിത്രത്തിന്‍റെ ഒഫിഷ്യല്‍ അപ്ഡേറ്റ്, ഒരുപക്ഷേ ഫസ്റ്റ് ലുക്ക് തന്നെ എത്തുമെന്നാണ് ആരാധകര്‍ക്കിടയിലെ പ്രതീക്ഷ. അജിത്തിന്‍റെ കഴിഞ്ഞ ചിത്രമായ 'നേര്‍കൊണ്ട പാര്‍വൈ' ജൂലൈ 15നാണ് റിലീസ് ചെയ്‍തത് എന്നതില്‍ നിന്നാണ് ഇങ്ങനെയൊരു പ്രതീക്ഷയിലേക്ക് ആരാധകര്‍ എത്തിയിരിക്കുന്നത്. അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം ഇതിനകം 200 കോടിയിലേറെ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. 'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് 'തല' എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. എച്ച് വിനോദ് ആണ് സംവിധാനം.