'പ്രഗ്നന്‍സി കാലത്തെ ലോക്ക്ഡൗണ്‍'; അശ്വതി ശ്രീകാന്ത് പറയുന്നു
ഇന്‍സ്റ്റഗ്രാം ലൈവിലൂടെ ആരാധകരോട് സംവദിച്ച് അശ്വതി
അവതാരകയായും എഴുത്തുകാരിയായും മലയാളിക്ക് പ്രിയപ്പെട്ട ആളാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിരുന്ന അശ്വതി ശ്രീകാന്ത് ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയുമാണ്. ചക്കപ്പഴം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയാണ് അശ്വതി അഭിനയരംഗത്തേക്ക് കടന്നത്. പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. കഴിഞ്ഞദിവസം അശ്വതി ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയിരുന്നു. അശ്വതിയുടെ വിശേഷങ്ങളറിയാം.
'കുറച്ചുദിവസം കുടുംബത്തോടൊപ്പം വീട്ടിലായിരുന്നു'
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലായിലെ വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം സന്തോഷമായി ഇരിക്കുകയായിരുന്നു. മകളുടെ സ്‍കൂള്‍ തുറക്കാറായതോടെയാണ് തിരിച്ച് കൊച്ചിയിലേക്കെത്തിയത്. പഠനം ഓണ്‍ലൈന്‍ ആയിട്ടാണെങ്കിലും പുസ്തകങ്ങള്‍ വാങ്ങല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് മടങ്ങിയെത്തിയത്. മൂന്നാം ക്ലാസിലേക്കായ മകള്‍ പത്മയ്ക്ക് കഴിഞ്ഞ വര്‍ഷംവരെ രണ്ട് മണിക്കൂറായിരുന്ന ക്ലാസ് എങ്കില്‍ ഇക്കുറി അത് നാല് മണിക്കൂര്‍ ആണ്. അതിന്‍റെ പരിഭവം പറഞ്ഞാണ് മകള്‍ നടക്കുന്നത്.
'ഞങ്ങളും മനുഷ്യരാണ്, ലോക്ക്ഡൗണ്‍ ഞങ്ങള്‍ക്കുമുണ്ട്'
പരമ്പരയുടെ ഷൂട്ട് തുടങ്ങുന്നില്ലേയെന്ന് നിരവധി ആരാധകരാണ് അശ്വതിയോട് ചോദിക്കുന്നത്. എന്നാല്‍ തങ്ങളും മനുഷ്യരല്ലേ എന്നാണ് അവരോട് അശ്വതി തിരിച്ചു ചോദിക്കുന്നത്. "ഷൂട്ട് ശരിക്കുപറഞ്ഞാല്‍ വലിയ റിസ്‌ക് ഉള്ള കാര്യമാണ്. ഷൂട്ട് നടക്കുന്ന ചെറിയൊരു വീട്ടില്‍ മുപ്പതിലധികം ആളുകളാണ് ഉണ്ടാവുക. അതും മുഖത്തോടുമുഖം നിന്നുള്ള സംസാരവും. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പറയുന്ന മാനദണ്ഡങ്ങള്‍ ഞങ്ങളും പാലിച്ചേ മതിയാകൂ. കൂടാതെ നമ്മുടെ മാത്രം പ്രശ്‌നമല്ലല്ലോ, ലോകം മുഴുവന്‍ ഇതേ പ്രശ്‌നമല്ലേ", അശ്വതി ചോദിക്കുന്നു.
'എന്നും കാണുന്ന കഥാപാത്രങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാകും'
നിരവധി ആളുകളാണ് പരമ്പര മിസ് ചെയ്യുന്നു എന്നുപറഞ്ഞ് അശ്വതിക്ക് മെസേജ് അയക്കുന്നത്. നമ്മള്‍ എന്നുംകാണുന്ന പരമ്പരയിലെ ആളുകളുമായി നമുക്ക് നമ്മളറിയാതെതന്നെ ഒരു ബന്ധം ഉടലെടുക്കുമെന്നും അതുകൊണ്ടാണ് അവരെ മിസ് ചെയ്യുന്നതെന്നും അശ്വതി പറയുന്നു.
'യോഗ ചെയ്യലും പഴയ സിനിമകള്‍ കാണുകയുമാണിപ്പോള്‍ ഹോബി'
എല്ലാവരും പ്രഗ്നന്‍സി കാലത്ത് വീട്ടിലിരിക്കാന്‍ ആഗ്രഹിക്കാറുണ്ടെങ്കിലും, മുഴുന്‍ സമയവും പണിയില്‍ എന്‍ഗേജ് ചെയ്യണമെന്ന് ആഗ്രഹിച്ച ആളാണ് ഞാന്‍. പക്ഷെ, ലോക്ക്ഡൗണ്‍ കാരണം ഇങ്ങനൊരു വീട്ടിലിരുപ്പ് കിട്ടിയപ്പോള്‍ കുഴപ്പമൊന്നുമില്ല. ശരിക്കുപറഞ്ഞാല്‍ ഇങ്ങനെ വീട്ടിലിരിക്കല്‍ അപൂര്‍വ്വമാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ഗുരുവിന്‍റെ ശിക്ഷണത്തില്‍ യോഗ പ്രാക്ടീസ് ചെയ്യുന്നുണ്ട്. കൂടാതെ വീട്ടിലിരുന്ന് പഴയ സിനിമകള്‍ കാണുന്നതാണ് പുതിയൊരു ഹോബി. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, മേലെ പറമ്പില്‍ ആണ്‍വീട്, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങിയ സിനിമകളെല്ലാം കണ്ടുവെന്നും അശ്വതി പറയുന്നുണ്ട്.
'പ്രഗ്നന്‍സി എന്‍ജോയ് ചെയ്യുന്നുണ്ട്'
ഇതിപ്പോള്‍ മനോഹരമായ ഏഴാം മാസമാണെന്ന് പറഞ്ഞാണ് അശ്വതി തുടങ്ങിയത്. നമ്മള്‍ ആക്ടീവായിരിക്കുക എന്നതാണ് കുട്ടികള്‍ ഹെല്‍ത്തിയാകാനുള്ള വഴി. ഭക്ഷണക്രമീകരണങ്ങള്‍ ആവശ്യമാണെന്നും പറയുന്ന അശ്വതി യാത്രാ പ്രശ്‌നങ്ങള്‍ കാരണം ഈയൊരു സമയത്ത് ഭര്‍ത്താവ് കൂടെ ഇല്ലാത്തതിന്‍റെ വിഷമവും പങ്കുവയ്ക്കുന്നുണ്ട്. "അതുവേണം ഇതുവേണം എന്നെല്ലാം പറഞ്ഞുള്ള ഇമോഷണല്‍ ഡ്രാമ കാണിക്കാന്‍ ആളില്ല എന്നതാണ് വലിയൊരു സങ്കടം". അതേസമയം രണ്ട് അമ്മമാരുടേയും സ്നേഹം രാവിലെയും വൈകിട്ടുമായി ഒരുപാട് ആസ്വദിക്കുന്നുവെന്നും പറയുന്നു പ്രേക്ഷകരുടെ പ്രിയതാരം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona