ഇഷ്ടം ദേഷ്യമായി മാറും, അങ്ങനെ ഒത്തിരി പേർക്ക് എന്നോട് ദേഷ്യമുണ്ട്: തുറന്നുപറഞ്ഞ് മമ്മൂട്ടി
പിറന്നാൾ ദിനത്തിൽ വീട്ടില്‍ വന്ന ആരാധകര്‍ക്ക് കേക്ക് കൊടുത്തുവെന്നും മമ്മൂട്ടി.
അൻപത് വർഷത്തിൽ ഏറെയായി മലയാളികൾ മമ്മൂട്ടി എന്ന അതുല്യപ്രതിഭയ്ക്ക് ഒപ്പം കൂടിയിട്ട്. "കേരം തിങ്ങും കേരള നാട്ടിൽ, വൈക്കം എന്നൊരു ദേശത്ത് ജനിച്ച് വീണൊരു പൊൻമുത്ത്. ഇക്കാ ഇക്കാ പൊന്നിക്ക ഞങ്ങടെ മാത്രം മമ്മൂക്ക"എന്ന് ഓരോ ആരാധകനും ഉള്ളിൽ തട്ടി വിളിച്ചു. പ്രേക്ഷകനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും കടന്നു പോയത് ഒട്ടനവധി മമ്മൂട്ടി കഥാപാത്രങ്ങളാണ്. അവയിൽ പലതും ഇന്നും കാലാനുവർത്തിയായി നിലകൊള്ളുന്നു. ആരാധകരെ കുറിച്ച് എന്നും വാചാലനാകാറുള്ള ആളാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം തന്റെ ഫാൻസിനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്.
"ആരാധകർ ആണ് എല്ലാം. പലതരം ആരാധന ഉണ്ട് നമുക്ക്. ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്നവരില്ലേ. ഭയങ്കര ഇഷ്ടമാണ്. പക്ഷേ ചില ആളുകൾ നമുക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താൽ ഇഷ്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരി പേർക്ക് എന്നോട് ദേഷ്യമുണ്ട്. ഇതേ ആരാധകർക്ക്. അതെന്റെ തന്നെ കുറ്റം കൊണ്ടാവില്ല. സിനിമ ചീത്തയാവുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല. ഞാൻ മാത്രമല്ല അതിന് ഉത്തരവാദി. വിജയത്തിനും ഞാൻ മാത്രമല്ല ഉത്തരവാദി. അതൊന്ന് ആരാധകർ മനസിലാക്കിയാൽ മതി. അത്രത്തോളം സ്നേഹം എന്നോട് കാണിക്കണം", എന്നാണ് മമ്മൂട്ടി പറയുന്നത്. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
'ദൈവങ്ങൾക്ക് പോലും അസൂയ തോന്നിയ ഗന്ധർവന്മാര്‍'; അറിയാക്കഥയുമായി ഉണ്ണി മുകുന്ദൻ ചിത്രം
പിറന്നാൾ ദിനത്തിൽ വീടിന് മുന്നിൽ വരുന്ന ആരാധകരെ കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നുണ്ട്."അവരോട് വരണ്ടെന്ന് പറയാൻ പറ്റില്ലല്ലോ. ചീത്ത പറയാനൊന്നും അല്ലല്ലോ. ബർത്ത്‍ഡേ വിഷിനല്ലേ. അവരുടെ അടുത്തു പോയാൽ ചിലപ്പോൾ നമുക്ക് അത്ര സുഖമാവില്ല. അതുകൊണ്ട് വീടിന്റെ മുകളിൽ നിന്ന് കൈ കാണിച്ചാൽ അവർ ഹാപ്പി ആണ്. ഇത്തവണ ഞാൻ കുറച്ച് കേക്ക് ഒക്കെ വാങ്ങിച്ച് വച്ചിരുന്നു. കഴിഞ്ഞ തവണ ചെറിയൊരു കേക്ക് ആയിരുന്നു. അതൊന്നും ആർക്കും എത്തിയില്ല. ഇത്തവണ ഒത്തിരി വാങ്ങിച്ചു. എല്ലാവർക്കും കൊടുത്തു. സന്തോഷം കൊണ്ടല്ലേ ഇതൊക്കെ", എന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..