നെഗറ്റീവും പോസിറ്റീവും ഉണ്ട്, ഞാൻ ഉറക്കെ ചിരിക്കുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടാകാം: മിഥുൻ രമേശ്
മിഥുനൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്.
സ്ത്രീകൾക്ക് മാത്രമല്ല അവതാരക വേഷത്തിൽ തിളങ്ങാൻ സാധിക്കുക എന്ന് തെളിയിച്ച വ്യക്തിയാണ് മിഥുൻ രമേശ്. അഭിനയ മോഹവുമായി എത്തിയ മിഥുൻ നിരവധി സിനിമകളിൽ തിളങ്ങിയെങ്കിലും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ അവതരണ ശൈലി തന്നെയാണ് പ്രിയം.
മിഥുനൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. റീൽസ് വീഡിയോകളിലൂടെയും വ്ലോഗിങിലൂടെയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകൾ തൻവിയും മിഥുനെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ, മിഥുനും ഭാര്യ ലക്ഷ്മിയും ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖം വൈറലാവുകയാണ്.
ഹേറ്റേഴ്സ് ഇല്ലാത്ത അവതാരകൻ എന്ന് വിശേഷിപ്പിച്ചാണ് അവതാരക മിഥുനെ സ്വാഗതം ചെയ്യുന്നത്. അതിന് ജനങ്ങളോട് നന്ദി പറഞ്ഞാണ് മിഥുൻ സംസാരം ആരംഭിക്കുന്നതും. എല്ലാത്തിനും നെഗറ്റീവും പോസിറ്റീവും ഉണ്ടെന്നും താൻ ഉറക്കെ ചിരിക്കുന്നത് ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാവാം എന്നും നടൻ പറയുന്നു. വളരെ സൈലന്റായിരിക്കുന്ന ലക്ഷ്മി കണ്ടന്റ് ചെയ്യുമ്പോൾ മാത്രമേ സംസാരിക്കാറുള്ളോയെന്ന ചോദ്യത്തിന് പരിചയമില്ലാത്തവരോട് അത്ര പെട്ടെന്ന് മിണ്ടി തുടങ്ങില്ലെന്നും താരം വെളിപ്പെടുത്തുന്നു.
തങ്ങൾ പങ്കുവെക്കുന്ന മിക്ക വീഡിയോകളും അനുഭവത്തിൽ നിന്നാണെന്നും ഇരുവരും സമ്മതിക്കുന്നുണ്ട്. വീട്ടിലോ സുഹൃത്തുക്കൾക്കോ സംഭവിച്ച കാര്യങ്ങളായിരിക്കും കൂടുതലും. 'ജനം എന്ത് ചിന്തിക്കും എന്നതാണ് നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ പ്രശ്നം. ഹേറ്റേഴ്സ് ഇല്ലാതിരിക്കുക, അല്ലെങ്കിൽ ഇതിന് താഴെ വരുന്ന കമന്റുകൾ എന്നത് മുൻവിധികളോടെ വേണമെങ്കിൽ ഒഴിവാക്കാം. പക്ഷേ യൂട്യൂബിന് ഇത്രയും പോപ്പുലാരിറ്റി ലഭിക്കുന്നതിനും ഒത്തിരി മുമ്പ് ലക്ഷ്മി വ്ളോഗ് ചെയ്യാൻ ആരംഭിച്ചതാണ്. കമന്റ് ശ്രദ്ധിച്ച് പോയിരുന്നെങ്കിൽ ഇത്രയും കണ്ടന്റുകൾ ഉണ്ടാവില്ലായിരുന്നു. അത്തരത്തിൽ ഒരു കണ്ടന്റ് ക്രിയേറ്റർ തീരുമാനമെടുക്കുന്നത് ലക്ഷ്മിയുടെ പോസിറ്റീവ് ആണ്', എന്ന് മിഥുൻ പറയുന്നു. റൺവെ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ അടക്കമുള്ള സിനിമകളിലൂടെ വളരെ ചെറുപ്പം മുതൽ മലയാളികൾക്ക് മിഥുൻ സുപരിചിതനാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..