ആറ് മാസം രാജ്യത്തിന് പുറത്തുനിന്ന പ്രവാസികള്‍ക്കും യുഎഇയിലേക്ക് മടങ്ങി വരാം
വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സിന്റെ അനുമതി വാങ്ങണം. യുഎഇയിലെയോ ദുബായിലെയോ എയര്‍ലൈനുകളില്‍ തന്നെ ടിക്കറ്റെടുക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
ദുബായ്: കൊവിഡ് പ്രതിസന്ധി കാരണം ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തുനിന്ന പ്രവാസികള്‍ക്കും മടങ്ങിവരാം. എന്നാല്‍ വിസാ കാലാവധി കഴിയാന്‍ പാടില്ല. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‍മദ് അല്‍ മറിയാണ് ഇക്കാര്യം അറിയിച്ചത്. കാലാവധിയുള്ള താമസ വിസയുള്ള പ്രവാസികള്‍ ഇപ്പോള്‍ ഏത് രാജ്യത്താണുള്ളതെങ്കിലും അവര്‍ക്ക് തിരിച്ചുവരാന്‍ തടസമൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.
വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സിന്റെ അനുമതി വാങ്ങണം. യുഎഇയിലെയോ ദുബായിലെയോ എയര്‍ലൈനുകളില്‍ തന്നെ ടിക്കറ്റെടുക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. യുഎഇയിലേക്ക് സര്‍വീസ് നടത്തുന്ന എത് വിമാനക്കമ്പനിയിലും ടിക്കറ്റെടുക്കാം. ദുബായില്‍ താമസ വിസയുള്ളവര്‍ക്ക് യുഎഇയിലെ ഏത് വിമാനത്താവളം വഴിയും തിരിച്ചുവരാം. യാത്രാ അനുമതി ലഭിച്ചിട്ടും വിമാനങ്ങള്‍ ലഭ്യമല്ലാത്തത് കാരണം യുഎഇയിലേക്ക് മടങ്ങിവരാനാവാത്തവര്‍ക്ക് പിന്നീട് വിമാനങ്ങള്‍ ലഭ്യമാവുമ്പോള്‍ യാത്ര ചെയ്യാം. എന്നാല്‍ അപ്പോള്‍ വീണ്ടും അനുമതി തേടേണ്ടി വരുമെന്ന് മാത്രം.