അന്താരാഷ്ട്ര ചര്‍ച്ചയ്ക്കിടെ യുഎഇ മന്ത്രിക്ക് അപ്രതീക്ഷിത അതിഥി; പുഞ്ചിരിച്ച് ലോകനേതാക്കള്‍, വീഡിയോ വൈറല്‍
യെമന് സഹായം നല്‍കുന്നത് സംബന്ധിച്ച് ലോക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് മന്ത്രിക്ക് അപ്രതീക്ഷിത അതിഥിയെത്തിയത്.
അബുദാബി: ലോക്ക് ഡൗണ്‍ കാലത്തെ അന്താരാഷ്ട്ര സമ്മേളനങ്ങളും ചര്‍ച്ചകളും ഓണ്‍ലൈനാകുമ്പോള്‍ രസകരമായ നിരവധി നിമിഷങ്ങളും ലോകത്തിന്റെ പല ഭാഗത്ത് നിന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അത്തരത്തില്‍ രസകരമായ ഒരു സംഭവമാണ് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനത്തില്‍ സംഭവിച്ചത്.
യെമന്‍ പ്രതിസന്ധിയുമായി സംബന്ധിച്ച് ലോക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് മന്ത്രിക്ക് അപ്രതീക്ഷിത അതിഥിയെത്തിയത്. വെര്‍ച്വല്‍ മീറ്റിങില്‍ സംസാരിക്കുന്നതിനിടെ യുഎഇ മന്ത്രിയുടെ മകന്‍ കടന്നു വന്നു. മകനോട് സ്വരം താഴ്ത്തി 'അകത്തേക്ക് പോകൂ' എന്ന് പുഞ്ചിരിച്ചു കൊണ്ട് റീം അല്‍ ഹാഷിമി പറഞ്ഞപ്പോള്‍ ഇത് കണ്ട യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രസ്സിനും ചിരിപൊട്ടി.
ക്ഷമ ചോദിച്ചു കൊണ്ട് മന്ത്രി വീണ്ടും പ്രസംഗം തുടര്‍ന്നു. പിന്നെയും മാതാവിന്റെ അടുത്തേക്ക് എത്താന്‍ ശ്രമിച്ച മകനെ റീം അല്‍ ഹാഷിമി അകറ്റാന്‍ ശ്രമിച്ച് സംസാരം തുടരുന്നതിന്‍റെ വീഡിയോ രാജ്യത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.