യുഎഇയില്‍ സ്കൂളുകള്‍ തുറക്കുന്ന തീയ്യതി പ്രഖ്യാപിച്ചു
ക്ലാസ് റൂം അധ്യാപനവും ഓണ്‍ലൈന്‍ ക്ലാസുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ചില സ്വകാര്യ സ്കൂളുകള്‍ അറിയിച്ചിട്ടുണ്ട്.
അബുദാബി: യുഎഇയില്‍ അധ്യയന വര്‍ഷം ഓഗസ്റ്റ് 30ന് ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അലി അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകരും അനധ്യാപക ജീവനക്കാരും ഓഗസ്റ്റ് 23ന് സ്കൂളുകളില്‍ ജോലിയ്ക്ക് ഹാജരാവണം. അതേസമയം എങ്ങനെയായിരിക്കും പഠന പദ്ധതിയെന്ന കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം കൂടുതല്‍ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല.
ക്ലാസ് റൂം അധ്യാപനവും ഓണ്‍ലൈന്‍ ക്ലാസുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ചില സ്വകാര്യ സ്കൂളുകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പൊതു-സ്വകാര്യ മേഖലകളിലെ സ്കൂളുകളുടെ കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.
അതേസമയം കൊവിഡ് രോഗവ്യാപനക്കാലത്ത് രാജ്യത്ത് നടപ്പാക്കിയ വിദൂര വിദ്യാഭ്യാസ സംവിധാനം വിജയകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഒരു പ്രധാന പരിഗണന വിദ്യാഭ്യാസ രംഗമാണെന്നും അതുകൊണ്ടുതന്നെയാണ് വിദ്യാഭ്യാര്‍ത്ഥികള്‍ക്ക് ഒരു പഠന ദിനം പോലും നഷ്ടപ്പെടാതെ വിദൂരവിദ്യഭ്യാസ രീതി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.