മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ യുഎഇയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ല. മുന്‍കരുതല്‍ നടപടികള്‍ പാലിച്ചില്ലെങ്കില്‍ യുഎഇ ജനത രോഗത്തിന്റെ രണ്ടാം വ്യാപനത്തിന്റെ വക്കിലാണ്. രോഗവ്യാപനം കണ്ടെത്തിയ പ്രദേശങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കും.
അബുദാബി: കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ യുഎഇയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന് മുന്നറിയിപ്പ്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് അല്‍ ഹുസന്‍ അല്‍ ശംസിയാണ് ഞായറാഴ്ച അബുദാബി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ആശങ്ക പങ്കുവെച്ചത്.
കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ല. മുന്‍കരുതല്‍ നടപടികള്‍ പാലിച്ചില്ലെങ്കില്‍ യുഎഇ ജനത രോഗത്തിന്റെ രണ്ടാം വ്യാപനത്തിന്റെ വക്കിലാണ്. രോഗവ്യാപനം കണ്ടെത്തിയ പ്രദേശങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കും. എന്നാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യം കുറയ്ക്കുന്ന തരത്തിലുള്ള നടപടികള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാസ്‍ക് ഉപയോഗത്തിലും സാമൂഹിക അകലം പാലിക്കുന്നതിലും വിട്ടുവീഴ്ച ചെയ്യരുതെന്നാണ് നിര്‍ദേശം. അതേസമയം വിവിധ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലെ സ്ഥിരതാമസക്കാര്‍ മടങ്ങിയെത്തിയത് രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായതായും എന്നാല്‍ രോഗവ്യാപനം പ്രതീക്ഷിച്ചിരുന്നതായും അല്‍ ശംസി പറഞ്ഞു.