യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവ്
രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് പള്ളികളില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
അബുദാബി: യുഎഇയിലെ പള്ളികളില്‍ ഇന്ന് മുതല്‍ ആകെ ശേഷിയുടെ പകുതിപ്പേര്‍ക്ക് വരെ പ്രവേശിക്കാന്‍ അനുമതി. നാലു ദിവസത്തെ ബലിപെരുന്നാള്‍ അവധിക്ക് ശേഷം നാളെ രാജ്യത്ത് ഇന്നുമുതല്‍ പൊതു-സ്വകാര്യ മേഖലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോഴാണ് കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് പള്ളികളില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
ജൂലൈ ഒന്നിന് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പള്ളികള്‍ തുറന്നപ്പോള്‍ 30 ശതമാനം വരെ വിശ്വാസികളെ ഉള്‍ക്കൊള്ളിച്ച് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ 50ശതമാനമായി വര്‍ധിപ്പിച്ചത്. വിശ്വാസികള്‍ പരസ്‍പരം രണ്ട് മീറ്റര്‍ അകലം പാലിക്കണം. ബാങ്ക് വിളിക്ക് ശേഷം നമസ്കാരം ആരംഭിക്കേണ്ട സമയത്തിനിടയിലുള്ള ഇടവേള 10 മിനിറ്റാണ്. എന്നാൽ ഇത് മഗ്‌രിബ്(സന്ധ്യാ പ്രാർത്ഥന) പ്രാർത്ഥനയ്ക്ക് അഞ്ച് മിനിറ്റ് മാത്രമാണ്. അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് തുടരണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും പള്ളികളില്‍ പ്രവേശനാനുമതിയില്ല. കൂടാതെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും കൊവിഡ് രോഗികള്‍ക്കൊപ്പം താമസിക്കുന്നവരും പള്ളികളിലെത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
അവരവര്‍ക്ക് നമസ്‍കരിക്കാനുള്ള പായകളും വിശ്വാസികള്‍ തന്നെ കൊണ്ടുവരണം. എല്ലാവരും മാസ്‌ക് ധരിക്കുകയും അല്‍ ഹൊസ്ന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം. എല്ലാവരും സാമൂഹിക അകലം പാലിച്ച് വേണം പള്ളിയിലും പരിസരങ്ങളിലും പ്രവേശിക്കാനെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.