കൊവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ ഉയര്‍ത്തി ബഹ്റൈന്‍; രോഗലക്ഷണമില്ലാത്തവരെ പോലും കണ്ടെത്താനായെന്ന് മന്ത്രി
1,000 പേരില്‍ 675 പേര്‍ക്ക് കൊവിഡ് പരിശോധനകള്‍ നടത്തുണ്ടെന്നും ലോകത്തിലെ തന്നെ ഉയര്‍ന്ന പരിശോധനാ നിരക്കുകളില്‍ ഒന്നാണ് ബഹ്റൈനിലേതെന്നും മന്ത്രി പറഞ്ഞു.
മനാമ: രാജ്യത്തെ കൊവിഡ് പരിശോധനകളുടെ ആകെ എണ്ണം 10 ലക്ഷം കടന്നെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. പത്ത് ലക്ഷത്തിലധികം കൊവിഡ് പിസിആര്‍ പരിശോധനകളാണ് ഇതുവരെ നടത്തിയതെന്ന് മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
'ട്രേസ്, ടെസ്റ്റ്, ട്രീറ്റ്' എന്ന രീതിയാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കി വരുന്നതെന്നും മറ്റ് പല രാജ്യങ്ങളെക്കാളധികം കൊവിഡ് പരിശോധനകള്‍ ബഹ്‌റൈനില്‍ നടത്തി വരുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു. 1,000 പേരില്‍ 675 പേര്‍ക്ക് കൊവിഡ് പരിശോധനകള്‍ നടത്തുണ്ടെന്നും ലോകത്തിലെ തന്നെ ഉയര്‍ന്ന പരിശോധനാ നിരക്കുകളില്‍ ഒന്നാണ് ബഹ്റൈനിലേതെന്നും മന്ത്രി പറഞ്ഞു.
ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീനില്ല
ആകെ നടത്തുന്ന പരിശോധനകളില്‍ 4.8 പോസിറ്റീവ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 92.2 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. വ്യാപകമായ കൊവിഡ് പരിശോധനകളിലൂടെ രോഗലക്ഷണങ്ങളില്ലാത്തവരെയും നേരിയ ലക്ഷണങ്ങളുള്ളവരെയും കണ്ടെത്തി ക്വാറന്റീന്‍ ചെയ്യാനും രോഗവ്യാപനം തടയാനും സാധിക്കുന്നതായി ആരോഗ്യ മന്ത്രി വിശദമാക്കി.