മുന്‍ അണ്ടര്‍ സെക്രട്ടറി കേശവൻ നറുക്കര സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
കേരളത്തിലെ വിവിധ മന്ത്രിമാരുടെ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കേശവൻ നറുക്കര സന്ദർശന വിസയിൽ ദമ്മാമിൽ എത്തിയതായിരുന്നു
റിയാദ്: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ അടക്കം വിവിധ മന്ത്രിമാരോടൊപ്പം സേവനം അനുഷ്ഠിച്ചിട്ടുള്ള മുന്‍ അഡീഷണല്‍ സെക്രട്ടറി നിലമ്പുർ നറുക്കര സ്വദേശി കേശവൻ (73) ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു. അവധിക്കാലം ആഘോഷിക്കാൻ ഭാര്യ ജയശ്രീക്കൊപ്പം മാസങ്ങൾക്ക് മുമ്പാണ് ദമ്മാമിലുള്ള മകൻ ശ്രീജിത്തിനടുത്തെത്തിയത്.
രണ്ട് ദിവസം മുമ്പ് കടുത്ത ശ്വാസ തടസത്തെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 9.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കേരള സർക്കാർ അണ്ടർ സെക്രട്ടറിയായി വിരമിച്ച കേശവൻ നിലമ്പുർ സ്വദേശിയാണങ്കിലും ദീർഘകാലമായി തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. സി.എച്ച്. മുഹമ്മദ് കോയ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അഡീഷണൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നപ്പോഴും, എം.എം. ഹസൻ നോർക്ക വകുപ്പ് മന്ത്രിയായപ്പോഴും അദ്ദേഹം ഒപ്പമുണ്ടായിരുന്നു.
പ്രവാസികളുടെ ആശാകേന്ദ്രമായ നോർക്കയെ കൃത്യമായി വിഭാവനം ചെയ്യുന്നതിൽ അദ്ദേഹം നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. സർവീസിലിരുന്നപ്പോഴും തുടർന്നും സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മൃതദേഹം ദമ്മാമിൽ സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. മറ്റൊരു മകൻ ശ്രീകേഷ് അമേരിക്കയിലാണ്.