പ്രവാസികള്‍ക്ക് തിരിച്ചടി; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള തീരുമാനത്തിന് അംഗീകാരം
ശൂറാ കൗണ്‍സിലില്‍ നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും.
മനാമ: ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് തിരിച്ചടിയായി നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് അംഗീകാരം. പാര്‍ലമെന്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച ബില്ലിന് അംഗീകാരം നല്‍കിയത്. ഓരോ തവണയും നാട്ടിലേക്ക് അയയ്ക്കുന്ന ആകെ തുകയുടെ രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ ശൂറ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും. ശൂറാ കൗണ്‍സിലില്‍ നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും. 200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം) വരെ അയക്കുമ്പോള്‍ രണ്ടു ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് എംപിമാരുടെ ശുപാർശ.
പാർലമെൻറ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്. ബഹ്‌റൈൻ സർക്കാർ ഈ നിയമത്തിന് അനുകൂല നിലപാടല്ല എടുത്തത്. എന്നാൽ പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസികള്‍ പണം അയക്കുന്ന സമയത്ത് ലെവി ഈടാക്കണമെന്നാണ് നിര്‍ദേശം.
Read Also - മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് യുകെയില്‍ നിര്യാതയായി
സൗദി ബഹിരാകാശത്ത് എത്തിയ ചരിത്രമുഹൂർത്തം ഇനി തപാൽ മുദ്രയിൽ
റിയാദ്: ബഹിരാകാശത്ത് സൗദി അറേബ്യ സ്വന്തം സഞ്ചാരികളെ എത്തിച്ച ആ ചരിത്രമുഹൂർത്തം ഇനി തപാൽ മുദ്രയിൽ. റയാന ബർനാവിയുടെയും അലി അൽഖർനിയുടെയും ആദ്യ ബഹിരാകാശ യാത്രയുടെ സ്‌മരണക്കായാണ് തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്.
‘ബഹിരാകാശത്തേക്ക് സൗദി’എന്ന അർഥം വരുന്ന ‘അസഊദിയ നഹ്‌വുൽ ഫദാഅ’ എന്ന തലവാചകം രേഖപ്പെടുത്തിയാണ് മൂന്ന് റിയാൽ മൂല്യമുള്ള സ്മരണിക സ്റ്റാമ്പ് സൗദി പോസ്റ്റ് അതോറിറ്റി പ്രകാശനം ചെയ്തത്. സൗദിയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ രംഗത്തെ ദേശീയവും ശാസ്ത്രീയവുമായ നേട്ടങ്ങളുടെ അടയാളപ്പെടുത്തലായിരുന്നു 2023 മെയ് 21ന് തുടക്കം കുറിച്ച രണ്ട് സൗദി പൗരരുടെ ബഹിരാകാശ യാത്ര.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...