വിമര്‍ശനം കനത്തു, മുഖ്യമന്ത്രി തിരുത്തി; പ്രവാസികളുടെ ക്വാറന്റീന്‍ ചെലവില്‍ നിലപാട് മാറ്റി സര്‍ക്കാര്‍

പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Paid quarantine is only for those who can afford it chief minister pinarayi vijayan clarifies

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കുമെന്ന പ്രഖ്യാപനം തിരുത്തി മുഖ്യമന്ത്രി. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കം എല്ലാവരും ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. 

സര്‍ക്കാര്‍ നിര്‍ദേശം വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെയാണ് ഇന്ന് മുഖ്യമന്ത്രി ഇക്കാര്യം തിരുത്തിയത്. പ്രവാസി സംഘടനകളും പ്രതിപക്ഷവും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയെന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. "സര്‍വകക്ഷി യോഗത്തിലും ഈ പ്രശ്നം വിവിധ കക്ഷി നേതാക്കള്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള ആശങ്കയുടെയും കാര്യമില്ല. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. ക്വാറന്റീന്‍ ചെലവ് താങ്ങാന്‍ കഴിയുന്നവരുണ്ട്. അവരില്‍ നിന്ന് അത് ഈടാക്കുക എന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്നും ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും" മുഖ്യമന്ത്രി പറഞ്ഞു. 

വിദേശത്തുനിന്നുള്ള ചില സംഘടനകള്‍ ചാര്‍ട്ടേഡ് വിമാങ്ങളില്‍ പ്രവാസികളെ കൊണ്ടുവരുന്നതില്‍ സര്‍ക്കാറിന് ഒരു വിരോധവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കൂട്ടി വിവരം ലഭിച്ചാല്‍ അതിനുള്ള ക്രമീകരണങ്ങളുണ്ടാക്കാമെന്ന് മാത്രം. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാത്തത് കൊണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios