കൊവിഡ് ബാധിതന്‍റെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരം
ശ്വാസ തടസ്സം പോലുള്ളവ കൊവിഡ് 19 ന്റെ ലക്ഷണങ്ങളാണെങ്കിലും ചിലപ്പോള്‍ ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണമായും രൂപപ്പെടാറുണ്ട്. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ശ്വാസ തടസ്സം അനുഭവപ്പെടുന്നവരും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും ചികിത്സ തേടുന്നതിന് പകരം ക്വാറന്റൈനില്‍ പോകുകയാണ്.
ദോഹ: കൊവിഡ് 19 രോഗബാധിതന്റെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഖത്തറില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ കാര്‍ഡിയോതൊറാസിസ് ചെയര്‍മാനും സര്‍ജനുമായ ഡോ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗിയിലെ ആദ്യത്തെ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയാണിത്.
43കാരനായ രോഗി സുഖം പ്രാപിച്ച് വരുന്നതായി എച്ച്എംസി അധികൃതര്‍ അറിയിച്ചു. ശ്വാസ തടസ്സം പോലുള്ളവ കൊവിഡ് 19 ന്റെ ലക്ഷണങ്ങളാണെങ്കിലും ചിലപ്പോള്‍ ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണമായും രൂപപ്പെടാറുണ്ട്. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ശ്വാസ തടസ്സം അനുഭവപ്പെടുന്നവരും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും ചികിത്സ തേടുന്നതിന് പകരം ക്വാറന്റൈനില്‍ പോകുകയാണ്. ഇത് അപകടകരമാണെന്നും ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെങ്കില്‍ ശ്വാസ തടസ്സം പോലുള്ളവ അനുഭവപ്പെടുകയാണെങ്കില്‍ വൈകാതെ ചികിത്സ തേടണമെന്ന് ഡോ അല്‍ ഖുലൈഫി പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ശസ്ത്രക്രിയ കഴിഞ്ഞ ഈ രോഗിക്ക് ആന്‍ജിയോഗ്രാം പരിശോധനയില്‍ ത്രീ വെസല്‍ ഡിസീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മള്‍ട്ടി ഡിസിപ്ലിനറി സംഘത്തിന്റെ വെര്‍ച്വല്‍ മീറ്റിങിലാണ് രോഗിക്ക് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ വിജയകരമായെന്നും ഇദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും ഡോ അല്‍ ഖുലൈഫി അറിയിച്ചു. രോഗി സമ്പര്‍ക്ക വിലക്കിലാണ്.
ഡോ ശാദി അഷ്‌റഫ്, ഡോ ഹസീസ് ലോണ്‍, ഡോ ബസ്സാം ഷൗമാന്‍, ഡോ സൂരജ് സുദര്‍ശനന്‍, റാമി അഹ്മദ്, അബീര്‍ മഹ്മൂദ്, ഖദീജ മുഹമ്മദ്, ഷിജി വര്‍ഗീസ്, സുജാത ഷൈത്ര, ജൂലി പോള്‍ എന്നിവരടങ്ങിയ മള്‍ട്ടി ഡിസിപ്ലിനറി സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയതെന്ന് അല്‍ ഖുലൈഫിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ 'മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക ഫിനാന്‍ഷ്യല്‍ നെറ്റ്‍വര്‍ക്ക്' റിപ്പോര്‍ട്ട് ചെയ്തു.