ചാര്‍ട്ടര്‍ വിമാനത്തിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുതെന്ന് ഉമ്മന്‍ചാണ്ടി

കൊവിഡ് ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്ന നിര്‍ദേശം പൂര്‍ണ്ണമായും അംഗീകരിക്കുമ്പോള്‍ തന്നെ വിദേശത്ത് ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാതെ ദുരിതമനുഭവിക്കുന്ന ആളുകളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും ഉമ്മന്‍ചാണ്ടി

oommen chandy against govt decision mandatory covid test for expats who travel in charter flight

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ യാത്രയ്ക്ക് കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് അടിയന്തരമായി  പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി കത്ത് നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അപ്രായോഗികവും പ്രവാസികള്‍ക്ക് സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്നതുമാണ്. ഇത് പ്രവാസികള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊവിഡ് ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്ന നിര്‍ദേശം പൂര്‍ണ്ണമായും അംഗീകരിക്കുമ്പോള്‍ തന്നെ വിദേശത്ത് ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാതെ ദുരിതമനുഭവിക്കുന്ന ആളുകളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് ഇപ്പോള്‍  മൂന്നു ലക്ഷത്തിലധികം മലയാളികള്‍ കേരളത്തിലേക്ക് വരാന്‍ കാത്ത് നില്‍ക്കുകയാണ്. ഇതുവരെ പതിനഞ്ച് ശതമാനം ആളുകളെ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളു. വിദേശ മലയാളികളെ  വേഗം നാട്ടിലെത്തിക്കണമെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടിയെ തീരുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി സന്നദ്ധ സംഘടനകള്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചത്.

എന്നാല്‍, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരാമെന്ന പ്രതീക്ഷയക്ക് മങ്ങലേല്പിക്കുന്നതാണ് പുതിയ ഉത്തരവ്.  പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന പുതിയ  ഉത്തരവ് പിന്‍വലിക്കുകയും കൊവിഡിന്റെ ജാഗ്രത പുലര്‍ത്തുവാന്‍ സാധിക്കുന്ന വിധത്തില്‍ ഹോം ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കുകയും വേണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios