ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രവാസികളെ എത്തിക്കാം; സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് കെഎംസിസി
ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ച് ശതമാനത്തെപ്പോലും എത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് കെ.എം.സി.സി ആരോപിക്കുന്നു
കോഴിക്കോട്: പ്രവാസികളെ മടക്കിക്കൊണ്ട് വരാന‍് ചാര്‍ട്ടേഡ് വിമാനങ്ങളുമായി മുസ്ലിംലീഗിന്‍റെ പ്രവാസി സംഘടനയായ കെ.എം.സി.സി. യു.എ.ഇ ഗവണ്‍മെന്‍റ് അനുമതി ഇതിനായി ലഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇത്രയും പേര്ക്ക് ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കാന്‍ സാധിക്കില്ലെന്ന് കേരളം നിലപാട് സ്വീകരിച്ചത് തിരിച്ചടിയായതെന്നാണ് കെ.എം.സി.സി ആരോപിക്കുന്നു.
ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ച് ശതമാനത്തെപ്പോലും എത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് കെഎംസിസി പറയുന്നത്. അതുകൊണ്ട് തന്നെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മലയാളികളെ കൊണ്ടുവരാന്‍ തയ്യാറാണെന്നും സംഘടന അറിയിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ പത്ത് വിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്രയും ആളുകളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചത് തിരിച്ചടിയാണെന്നും കെ.എം.സി.സി ഭാരവാഹികള്‍ ആരോപിക്കുന്നു.
അനുമതി ലഭിച്ചാല്‍ നൂറ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരെ തയ്യാറാക്കാനാണ് തീരുമാനം. 115 മലയാളികള്‍ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.