ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയില്ല; വ്യാപക പരാതി
വാര്‍ദ്ധക്യ കാലത്ത് കടബാധ്യതകള്‍ തീര്‍ക്കാന്‍ ഗള്‍ഫ് ജീവിതം തെരഞ്ഞെടുത്തവരും മരിച്ചവരില്‍പെടുന്നു. പല കുടുംബംഗങ്ങളുടേയും ഏക ആശ്രയമാണ് പ്രവാസലോകത്ത് പൊലിഞ്ഞത്.
ദുബായ്: ഗള്‍ഫില്‍ മലയാളികളുടെ മരണം ഇരുന്നൂറിനോടടുക്കുമ്പോള്‍ മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. ഏക ആശ്രയം നഷ്ടമായ കുടുംബംഗങ്ങള്‍ക്ക്, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രത്യേക സഹായം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യവും പ്രവാസികള്‍ക്കിടയില്‍ ശക്തമായി.
24 മണിക്കൂറിനിടെ 10 മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു. മലയാളികളുടെ മരണം ഇരുന്നൂറിനോട് അടുക്കുമ്പോള്‍ മരിച്ചവരുടെ കുടുംബത്തിന് അധികാരികളുടെ ഭാഗത്ത് നിന്ന് സഹായമോ കരുതലിന്റെ ഇടപെടലോ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. വരുമാന മാർഗം നിലച്ചതോടെ നാട്ടില്‍ പല കുടുംബങ്ങളും ദുരിതത്തിലാണ്.
വാര്‍ദ്ധക്യ കാലത്ത് കടബാധ്യതകള്‍ തീര്‍ക്കാന്‍ ഗള്‍ഫ് ജീവിതം തെരഞ്ഞെടുത്തവരും മരിച്ചവരില്‍പെടുന്നു. പല കുടുംബംഗങ്ങളുടേയും ഏക ആശ്രയമാണ് പ്രവാസലോകത്ത് പൊലിഞ്ഞത്. ഇത്തരക്കാരുടെ കടബാധ്യതള്‍ അവസാനിപ്പിക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനും സര്‍ക്കാരുകളുടെ സഹായം കൂടിയേ തീരൂ. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രത്യേക സഹായം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യവും പ്രവാസികള്‍ക്കിടയില്‍ ഉയരുന്നുണ്ട്.