യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് വിലങ്ങുതടിയായി പുതിയ കേന്ദ്ര തീരുമാനം
മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസയുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ യുഎഇയില്‍ തങ്ങാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കാലാവധി അവസാനിച്ച താമസ വിസക്കാര്‍ നാട്ടിലാണെങ്കില്‍ ഇവര്‍ക്ക് മടങ്ങി വരാനും അനുമതി നല്‍കിയിരുന്നു.
ദില്ലി: യുഎഇയിലേക്ക് തിരികെ മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വഴിമുടക്കി കേന്ദ്രത്തിന്റെ പുതിയ തീരുമാനം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് വിദേശയാത്ര ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായത്.
മൂന്നു മാസമെങ്കിലും വിസ കാലാവധി അവശേഷിക്കുന്നവര്‍ക്ക് യാത്രാനുമതി നല്‍കിയാല്‍ മതിയെന്നാണ് ജൂണ്‍ ഒന്നിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ ഓഫര്‍ ലെറ്റര്‍ ഉള്ളവരാണെങ്കില്‍ പോലും ഒരു മാസത്തെ വിസ കാലാവധി നിര്‍ബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ വിശദമാക്കുന്നു.
മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസയുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ യുഎഇയില്‍ തങ്ങാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കാലാവധി അവസാനിച്ച താമസ വിസക്കാര്‍ നാട്ടിലാണെങ്കില്‍ ഇവര്‍ക്ക് മടങ്ങി വരാനും അനുമതി നല്‍കിയിരുന്നു. ഇതോടെ നിരവധി ആളുകളാണ് യുഎഇയിലേക്ക് മടങ്ങാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.
പുതിയ വിസ നല്‍കുന്നത് യുഎഇ നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ പഴയ വിസയില്‍ മടങ്ങാന്‍ ആഗ്രഹിച്ച പ്രവാസി ഇന്ത്യക്കാര്‍ക്കാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം തടസ്സമായത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് സര്‍ക്കാരുമായി സംസാരിക്കുകയാണെന്നും യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചതായി 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.