ആശങ്കയൊഴിയാതെ ഒമാന്‍; പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന
ചിലര്‍ പ്രതിരോധ നടപടികള്‍ പാലിക്കാതെ ഫാമുകളിലും വീടുകളിലും അടച്ച സ്ഥലങ്ങളിലും പാര്‍ട്ടികള്‍ നടത്തുകയും ബീച്ചുകളിലും പൊതു സ്ഥലങ്ങളിലും ഒത്തു കൂടുകയും ചെയ്യുന്നു, ഇത് ഉയര്‍ന്ന തോതിലുള്ള രോഗവ്യാപനത്തിനു കാരണമായെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മസ്കറ്റ്: ഒമാനില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. രോഗമുക്തരുടെ നിരക്ക് 94 ശതമാനത്തില്‍ നിന്നും 91ലേക്കെത്തി. രാജ്യത്ത് ഭാഗിക ലോക്ക്ഡൗണ്‍ പരിഗണനയിലെന്ന് ഒമാന്‍ സുപ്രിം കമ്മറ്റി അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായി വര്‍ധനവാണ് രേഖപ്പെടുത്തി വരുന്നത്. രാജ്യത്ത് 95,907 പേര്‍ക്ക് ഇതിനകം കൊവിഡ് രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ഒമാന്‍ ഭരണകൂടം ഇതിനകം വേണ്ട നടപടികളെല്ലാം രാജ്യത്ത് നടപ്പിലാക്കി കഴിഞ്ഞു. ജനങ്ങളുടെ നിസ്സകരണം മൂലം രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി വ്യക്തമാക്കി.
ചിലര്‍ പ്രതിരോധ നടപടികള്‍ പാലിക്കാതെ ഫാമുകളിലും വീടുകളിലും അടച്ച സ്ഥലങ്ങളിലും പാര്‍ട്ടികള്‍ നടത്തുകയും ബീച്ചുകളിലും പൊതു സ്ഥലങ്ങളിലും ഒത്തു കൂടുകയും ചെയ്യുന്നു, ഇത് ഉയര്‍ന്ന തോതിലുള്ള രോഗവ്യാപനത്തിനു കാരണമായെന്നും ആരോഗ്യ മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ഇങ്ങനെ തുടരുന്ന പക്ഷം രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ഭാഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് രോഗമുക്തരുടെ നിരക്ക് 94 ശതമാനത്തില്‍ നിന്നും 91 ശതമാനത്തിലേക്ക് താഴ്ന്നു കഴിഞ്ഞു. 86,765 പേര്‍ക്കാണ് ഇതിനകം രോഗമുക്തി ലഭിച്ചിരിക്കുന്നത്.