വന്ദേ ഭാരത്: സൗദിയില്‍ നിന്നും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

പുതിയ ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നും വിമാനങ്ങളില്ല. കേരളത്തിലേക്ക് ദമ്മാമില്‍ നിന്നും അഞ്ച് സര്‍വീസുകള്‍ മാത്രമാണുള്ളത്.

more flights announced from saudi under vande bharat mission

റിയാദ്: വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തിലെ രണ്ടാം ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്നും 13 സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ആഗസ്റ്റ് 16 മുതല്‍ 24 വരെ ഒമ്പത് ദിവസത്തെ ഷെഡ്യൂള്‍ ആണ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടിരിക്കുന്നത്. എട്ടെണ്ണം എയര്‍ ഇന്ത്യയും അഞ്ചെണ്ണം ഇന്‍ഡിഗോയുമാണ് സര്‍വീസ് നടത്തുക.

പുതിയ ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നും വിമാനങ്ങളില്ല. കേരളത്തിലേക്ക് ദമ്മാമില്‍ നിന്നും അഞ്ച് സര്‍വീസുകള്‍ മാത്രമാണുള്ളത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ട് വീതവും കണ്ണൂരിലേക്ക് ഒരു സര്‍വീസും. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് കോഴിക്കോട്ടേക്ക് സര്‍വീസുകള്‍ ഒന്നും തന്നെയില്ല. കൊച്ചി, തിരുവനന്തപുരം റൂട്ടുകളില്‍ എയര്‍ ഇന്ത്യയും കണ്ണൂരിലേക്ക് ഇന്‍ഡിഗോയുമാണ് സര്‍വീസ് നടത്തുക.

എയര്‍ ഇന്ത്യക്ക് എല്ലാ സര്‍വീസ് ഫീസുള്‍പ്പെടെ എക്കണോമി ക്ലാസില്‍ 1060 റിയാലും ബിസിനസ് ക്ലാസില്‍ 2010 റിയാലുമാണ് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍. ദമ്മാം-കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസിന് 1030 റിയാലാണ് ടിക്കറ്റ് നിരക്ക്. ദമ്മാമില്‍ നിന്നും മുംബൈ, റിയാദില്‍ നിന്നും മുംബൈ, ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതത് വിമാനക്കമ്പനികളുടെ ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ആദ്യം വരുന്നവര്‍ക്ക് ആദ്യ മുന്‍ഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വില്‍പ്പന.

ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സല്‍മാന്‍ രാജാവ് നിയോം നഗരത്തിലെത്തി

Latest Videos
Follow Us:
Download App:
  • android
  • ios