കൊവിഡിലും തളരാതെ ജപ്പാനിലെ മലയാളി കൂട്ടായ്മ; 200ലധികം കലകാരന്മാരെ അണിനിരത്തി ഓണ്‍ലൈന്‍ ദൃശ്യവിരുന്ന്
മെയ് 23, 24 തീയതികളിലായി 200ലധികം കലാകാരന്‍മാരാണ് ഈ YouTube ദൃശ്യ വിരുന്നില്‍ അണിനിരക്കുന്നത്.
ടോക്കിയോ: കൊവിഡ് കാലത്തെ പ്രതിസന്ധിക്കിടയില്‍ ഓണ്‍ലൈന്‍ കലാവിരുന്നുമായി ജപ്പാനിലെ മലയാളി കൂട്ടായ്മ. വര്‍ഷങ്ങളായി ജപ്പാനില്‍ നടത്തുന്ന ടാലന്‍റ്ഷോ ഇത്തവണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പതിവ് രീതിയില്‍ നടത്താനായില്ലെങ്കിലും പുതിയ മാര്‍ഗത്തിലൂടെ ഇതിന് പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ് മലയാളി കൂട്ടായ്മ 'നിഹോന്‍കൈരളി'.
നൂതന ടെക്‌നോളജിയുടെ സഹായത്തോടെ ജപ്പാനിലെ എല്ലാ ദ്വീപുകളില്‍ നിന്നുമുള്ള മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട്
'NK SHOWTIME Talent Unlocked' എന്ന പേരിലാണ് ഓണ്‍ലൈന്‍ കലാവിരുന്ന് സംഘടിപ്പിക്കുന്നത്. മെയ് 23, 24 തീയതികളിലായി 200ലധികം കലാകാരന്‍മാരാണ് ഈ യൂട്യൂബ് ദൃശ്യ വിരുന്നില്‍ അണിനിരക്കുന്നത്.
ജപ്പാനില്‍ കൊവിഡ് മഹാമാരി കാര്യമായി നാശം വിതച്ചിട്ടില്ലെങ്കിലും ജപ്പാനും അടിയന്തര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അല്ലെങ്കിലും മലയാളികളെല്ലാം വീട്ടില്‍ തന്നെ തുടരുകയാണ്. ജപ്പാനിലെ തിരക്കേറിയ നഗരജീവിതത്തില്‍ നിന്നും പെട്ടെന്നൊരുനാള്‍ ഉള്‍വലിയേണ്ടിവന്ന പ്രവാസി മലയാളികള്‍ക്ക് സന്തോഷവും ആത്മവിശ്വാസവും ഒത്തൊരുമയും പകരാനും നാടിന്റെ കലകളും സംസ്‌കാരവും പുതുതലമുറകളിലേക്കും എത്തിക്കാനുമാണ് 'നിഹോന്‍ കൈരളി' ഓണ്‍ലൈന്‍ കലാവിരുന്നിലൂടെ ലക്ഷ്യമിടുന്നത്.